ധർമസ്ഥല: സൗജന്യയെ ബലാത്സംഗം ചെയ്ത് കൊന്നത് അമ്മാവനെന്ന് ആരോപണം
text_fieldsമംഗളൂരു: 2012-ൽ ധർമ്മസ്ഥലയിൽ പിയു കോളജ് വിദ്യാർഥിനി സൗജന്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നിൽ അമ്മാവൻ വിട്ടൽ ഗൗഡയാണെന്ന് ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണ ആരോപിച്ചു. ഈ ദിശയിൽ കേസ് അന്വേഷിക്കാൻ ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ.അരുണിന് പരാതി നൽകിയിട്ടുണ്ടെന്ന് സ്നേഹമയി കൃഷ്ണ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ 'മുഡ'അഴിമതിക്കേസ് ഫയൽ ചെയ്തയാളാണ് കൃഷ്ണ.
‘സൗജന്യ വധക്കേസിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം. എന്റെ കൈവശമുള്ള രേഖകളും തെളിവുകളും സൂചിപ്പിക്കുന്നത് സൗജന്യയെ അമ്മാവൻ വിട്ടൽ ഗൗഡ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ്. അയാൾ അവളോട് മോശമായി പെരുമാറാറുണ്ടായിരുന്നു. അവൾ നിലവിളിച്ചപ്പോൾ തലയിണയോ സമാനമായ മറ്റേതെങ്കിലും വസ്തുവോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു’ -കൃഷ്ണ പറഞ്ഞു.
‘അവളെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിൽ, ബാഗ് താഴെ വീഴുമായിരുന്നു, പക്ഷേ അത് അവളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. ആ ദിവസം അവൾക്ക് ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്ന് അവളുടെ കുടുംബം പറയുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ അവളുടെ വയറ്റിൽ ഭക്ഷണം കണ്ടെത്തിയിരുന്നു. ബലാത്സംഗവും കൊലപാതകവും ഉദ്ദേശിച്ചവർ ഇരക്ക് ഭക്ഷണം നൽകില്ല. സംഭവത്തിന്റെ സമയം കാണിക്കുന്നത് അവൾ വിട്ടൽ ഗൗഡയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു എന്നാണ്. അന്ന് വി ഗൗഡ അദ്ദേഹത്തിന്റെ ഹോട്ടലിൽ പോയിരുന്നില്ല. അദ്ദേഹം വീട്ടിലായിരുന്നു.
അപ്പോഴാണ് അയാൾ അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കൊലപ്പെടുത്തി. അവളുടെ മൃതദേഹം ഒളിപ്പിച്ച് ഹോട്ടലിലേക്ക് തിരികെ പോയി. അവർ അവളെ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ, അവൾ വീട്ടിലേക്ക് പോകുന്നത് കണ്ടതായി വ്യാജ അവകാശവാദം ഉന്നയിച്ചു. എല്ലാവരും വീട്ടിലേക്ക് പോയ ശേഷം അയാൾ അവളുടെ മൃതദേഹം ഉപേക്ഷിച്ചു.
അവളുടെ യൂണിഫോം വലിച്ചുകീറി, ഷാൾ ഉപയോഗിച്ച് കൈകൾ ബന്ധിച്ചു, പ്രേമയുടെയും ബാലകൃഷ്ണയുടെയും നമ്പറുകൾ എഴുതിയ ഒരു കുറിപ്പ് എഴുതിവച്ചു. നേരത്തെ സമഗ്രമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ധർമ്മസ്ഥലക്കെതിരായ പ്രചാരണം തടയാമായിരുന്നു. വ്യക്തമായും പൊലീസിന്റെ പരാജയം’ -സ്നേഹമായി പറഞ്ഞു.
വിട്ടൽ ഗൗഡയെ നാർക്കോ വിശകലനത്തിന് വിധേയമാക്കണമെന്ന് കൂട്ടിച്ചേർത്തു. നേരത്തെ അറസ്റ്റിലായെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ട സന്തോഷ് റാവു സംഭവസ്ഥലത്ത് ഉണ്ടായിരുന്നിരിക്കാമെന്നും അയാൾ എന്തെങ്കിലും കാണുകയോ മൃതദേഹം സംസ്കരിക്കാൻ അവരെ സഹായിക്കുകയോ ചെയ്തിരിരിക്കാമെന്നും കൃഷ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

