'ഒരച്ഛനും മകനെ ഈ രീതിയിൽ നഷ്ടപ്പെടരുത്'; ആത്മഹത്യ ചെയ്ത മകന് വിഷം നൽകിയതിന് ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ പരാതി
text_fieldsഇന്ദോർ: ഓൺലൈനായി ഓർഡർ ചെയ്ത വിഷം കഴിച്ച് മകൻ ആത്മഹത്യ ചെയ്തതതിന് പിന്നാലെ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ പരാതിയുമായി പിതാവ്. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ രഞ്ജിത് വർമയാണ് പൊലീസിൽ പരാതി നൽകിയത്.
കമ്പനി വെബ്സൈറ്റ് വഴി ഓർഡർ ചെയ്ത സൾഫസ് കഴിച്ചാണ് മകൻ ആദിത്യ ജീവനൊടുക്കിയതെന്നാണ് വർമയുടെ പരാതിയെന്ന് ഛത്രിപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂലൈ 29ന് വിഷം കഴിച്ച ബാലൻ ചികിത്സയിലിരിക്കേ പിറ്റേദിവസമാണ് മരിച്ചത്. 'കമ്പനിക്കെതിരെ കർശന നടപടിയെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിഷ വസ്തുക്കളുടെ വിതരണം നിർത്താൻ കഴിയും. മറ്റൊരു അച്ഛനും തന്‍റെ മകനെ ഈ രീതിയിൽ നഷ്ടപ്പെടരുത്'-വർമ പറഞ്ഞു. മകന് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമായ രേഖകൾ പരിശോധിക്കാതെയാണ് ഇ-കൊമേഴ്‌സ് കമ്പനി തന്‍റെ മകന് നിയമവിരുദ്ധമായി വിഷം നൽകിയെന്ന് അദ്ദേഹം പരാതിപ്പെട്ടു. കമ്പനിക്ക് നോട്ടീസ് അയക്കുമെന്നും അവരുടെ പ്രതികരണം ലഭിച്ച ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.