
രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകൻ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു
text_fieldsഹൈദരാബാദ്: രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകൻ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരിയെയും 24കാരൻ ആക്രമിച്ചു. തെലങ്കാനയിലെ സുൽത്താൻ ബസാറിൽ തിങ്കളാഴ്ചയാണ് സംഭവം.
24കാരനായ കോണ്ടസുധീർ കുമാർ അമ്മ പപ്പമ്മയെയാണ് കൊലപ്പെടുത്തിയത്. രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞതിനായിരുന്നു ആക്രമണം. സുധീർ കുമാർ പപ്പമ്മയെ ആക്രമിക്കുന്നത് കണ്ടതോടെ തടയാൻചെന്ന സഹോദരി സുചിത്രയെയും ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് സുചിത്ര. സുധീറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഏഴുവർഷം മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം പപ്പമ്മയാണ് രണ്ടുമക്കളെയും വളർത്തിയിരുന്നത്. ബിരുദം പൂർത്തിയാക്കിയ ശേഷം ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തുവരികയായിരുന്നു സുധീർ. എന്നാൽ ഒരുവർഷം മുമ്പ് ജോലിയിൽനിന്ന് രാജിവെച്ച് വീട്ടിൽതന്നെ ഒതുങ്ങികൂടുകയായിരുന്നു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു.