അച്ഛനെ വെട്ടിയശേഷം വീടിനു മുകളിൽ ഒളിച്ചിരുന്ന് മകൻ
text_fieldsവിഷ്ണു
അമ്പല്ലൂർ: പറപ്പൂക്കര മുത്രത്തിക്കരയിൽ അച്ഛനെ വെട്ടിയശേഷം വീടിനു മുകളിൽ ഒളിച്ചിരുന്ന മകൻ അഞ്ച് മണിക്കൂർ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ ശേഷം പൊലീസിൽ കീഴടങ്ങി. മുത്രത്തിക്കരയിൽ വാടകക്ക് താമസിക്കുന്ന മേക്കാടൻ വീട്ടിൽ ശിവനെയാണ് (68) മകൻ വിഷ്ണു (35) വെട്ടിയത്. കഴുത്തിന് വെട്ടേറ്റ ശിവനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
40 ദിവസത്തോളമായി വിഷ്ണു വീട്ടിൽ തനിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. മകളുടെ വീട്ടിലായിരുന്ന ശിവൻ ലൈഫ് പദ്ധതിക്ക് പഞ്ചായത്തിൽ സമർപ്പിക്കാൻ വീടിനുള്ളിൽ നിന്ന് രേഖകൾ എടുക്കാൻ മുത്രത്തിക്കരയിൽ എത്തിയതായിരുന്നു. ഭാര്യ ലതികയും ഒരു ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഇവരെ വീടിനുള്ളിലേക്ക് കടക്കാൻ അനുവദിക്കാതിരുന്ന വിഷ്ണു രേഖകൾ കിണറ്റിലിട്ടതായി പറഞ്ഞു. ഇതേചൊല്ലി ശിവനും വിഷ്ണുവും തമ്മിൽ വാക്കേറ്റമായി.
ഇതിനിടെ കൈയിലുണ്ടായിരുന്ന കൊടുവാളുകൊണ്ട് വിഷ്ണു പിതാവ് ശിവനെ വെട്ടുകയായിരുന്നു. നാലുതവണ വെട്ടിയ ശേഷം വിഷ്ണു അമ്മയെയും വെട്ടാൻ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്ന ബന്ധു തടഞ്ഞു. ഇയാൾ തന്നെയാണ് പൊലീസിനെയും ആംബുലൻസും വിളിച്ചുവരുത്തിയത്. തുടർന്ന് വിഷ്ണു കത്തിയുമായി വീടിന്റെ മച്ചിൽ കയറിയിരുന്നു. ഏറെ നേരം അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്നതോടെ പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
വീടിന്റെ തട്ടിന്റെ നാല് ജനലുകൾ പൊളിച്ച പൊലീസ് അകത്തു കടക്കാൻ ഒരുങ്ങുന്നതിനിടെ മച്ചിന്റെ വാതിൽ വഴി വിഷ്ണു ഓടിനു മുകളിലേക്ക് ചാടി. പിന്നെയും ഇയാളെ അനുനയിപ്പിക്കാൻ പൊലീസും നാട്ടുകാരും ശ്രമം തുടർന്നു. വൈകീട്ട് അഞ്ചരയോടെയാണ് വിഷ്ണു താഴെയിറങ്ങിയത്. പുതുക്കാട് പൊലീസ് എസ്.എച്ച്.ഒ ആദം ഖാൻ, എസ്.ഐ എൻ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിഷ്ണുവിനെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആയോധനകലകളിൽ വിദഗ്ധനായ വിഷ്ണു വീടിനകത്ത് ആഭിചാരക്രിയകളും ചെയ്തുവന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂജാകർമങ്ങൾ നടന്നിരുന്ന മുറിയിൽ കോഴി, മദ്യം എന്നിവയും വിവിധ തരം ആയുധങ്ങളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

