പിതാവ് മരിച്ചത് ഒപ്പം താമസിച്ച മകൻ അറിഞ്ഞില്ലെന്ന്; ദുരൂഹതയെന്ന് ബന്ധുക്കൾ
text_fieldsആറാട്ടുപുഴ: മുതുകുളത്ത് 84കാരൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മുതുകുളം തെക്ക് ലവ് ഡേയിൽ സ്റ്റാലിനെയാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയിൽ കണ്ടത്.
പിതാവ് മരിച്ചുകിടക്കുന്നത് അറിഞ്ഞില്ലെന്നാണ് ഒപ്പം താമസിക്കുന്ന മകൻ അജി അവകാശപ്പെടുന്നത്. അമ്മയുമായി പിണങ്ങിക്കിടക്കുകയാണ് എന്നാണ് കരുതിയത്. തെൻറ മകനാണ് ഇവർക്കുള്ള ഭക്ഷണം നൽകുന്നത്. പിതാവും മാതാവും ഒരു മുറിയിലാണ് കിടക്കുന്നത്. ഇവർ കിടക്കുന്ന മുറിയിൽ തങ്ങൾ കയറിയിരുന്നില്ല. സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്. എന്നാൽ, അജിയുടെ ഈ വിശദീകരണം ബന്ധുക്കളോ നാട്ടുകാരോ മുഖവിലയ്ക്കെടുത്തിട്ടില്ല.
വീട്ടിൽ മരിച്ചുകിടന്നിട്ടും മകൻ അറിഞ്ഞില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്റ്റാലിെൻറ സഹോദരൻ ഡൊമിനിക് പറഞ്ഞു. ശരീരം ജീർണിച്ച് ദുർഗന്ധം വമിച്ചിട്ടും കൂടെ താമസിച്ച മകനോ മരുമകളോ അറിഞ്ഞില്ല എന്നു പറയുന്നതിൽ ദുരൂഹതയുണ്ട്. സഹോദരന് നീതി ലഭിക്കണമെന്നും ഡൊമിനിക് പറഞ്ഞു.
മുമ്പും മകൻ സ്റ്റാലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സ്റ്റാലിെൻറ ഭാര്യാസഹോദരൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് സ്റ്റാലിൻ മരിച്ച വിവരം പുറം ലോകമറിയുന്നത്. മുറിയിൽ കട്ടിലിനോടു ചേർന്ന് താഴെ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. കട്ടിലിൽ ഭാര്യ ത്രേസ്യാമ്മ (80) കാവലായി ഇരിപ്പുണ്ടായിരുന്നു. മൃതദേഹത്തിെൻറ തലയുടെ ഭാഗത്തു ചുറ്റിലും രക്തം ഉണങ്ങിക്കിടന്നിരുന്നു. മൂത്ത മകൻ അജിയുടെ വീടായ ലവ് ഡേയിലാണ് രണ്ടു വർഷത്തിലേറെയായി താമസിച്ചുവന്നിരുന്നത്. ഫോറൻസിക് പരിശോധനക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.