യന്ത്രഭാഗങ്ങളായി കടത്തിയ 42 കോടി രൂപയുടെ സ്വർണം പിടികൂടി; എങ്ങനെയെന്ന് കാണാം...
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തും ഗുരുഗ്രാമിലുമായി ഡയരക്ട്രേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് 42 കോടി രൂപ വിലവരുന്ന 85 കിലോഗ്രാം സ്വർണം പിടികൂടി.
ഡൽഹിയിലെ ഛത്തർപൂരിലും ഗുരുഗ്രാമിലെയും വിവിധ സ്ഥലങ്ങളിലായാണ് ഡി.ആർ.ഐ തെരച്ചിൽ നടത്തിയത്. യന്ത്രഭാഗങ്ങളായാണ് സ്വർണം കടത്തിയത്. ഉരുക്കിയ ശേഷം വിവിധ ഉപകരണങ്ങളുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു.
'എയർ കാർഗോ വഴി ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതാണ് സ്വർണം. യന്ത്രഭാഗങ്ങളുടെ രൂപത്തിൽ കടത്തുന്ന സ്വർണം പ്രാദേശിക വിപണിയിലെത്തിക്കുന്നതിന് മുമ്പ് ഉരുക്കി ബാർ/സിലിണ്ടർ ആകൃതിയിൽ രൂപപ്പെടുത്തുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചു'-ഉദ്യോഗസ്ഥർ പറഞ്ഞു.
നാല് വിദേശ പൗരന്മാർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ രണ്ട് പേർ ദക്ഷിണ കൊറിയയിൽ നിന്നുള്ളവരും മറ്റ് രണ്ട് പേർ ചൈന, തായ്‌വാൻ സ്വദേശികളാണെന്നും അധികൃതർ പറഞ്ഞു. പരിശോധനയിൽ ട്രാൻസ്‌ഫോർമറുകൾ ഘടിപ്പിച്ച ഇലക്‌ട്രോപ്ലേറ്റിങ് മെഷീനുകളിലാണ് സ്വർണം കണ്ടെത്തിയത്.
ഈ ആഴ്ച ഡൽഹി വിമാനത്താവളത്തിൽ നിന്ന് കോടി രൂപ വിലമതിക്കുന്ന 2.5 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. നവംബർ 16ന് ദുബൈ വിമാനത്തിന്‍റെ സീറ്റിനടിയിലെ ലൈഫ് ജാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.