തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം; മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതായി സംശയം
text_fieldsഅമ്പലത്തുംഭാഗത്ത് നിന്നു കണ്ടെത്തിയ തലയോട്ടി
ശാസ്താംകോട്ട: അമ്പലത്തുംഭാഗത്ത് റബർ തോട്ടത്തിൽ നിന്ന് പുരുഷന്‍റേത് എന്ന് കരുതുന്ന തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതായി സംശയം. പോരുവഴി അമ്പലത്തുംഭാഗം രാജ്ഭവനിൽ സതിയമ്മയാണ് കഴിഞ്ഞ ദിവസം രാവിലെ ടാപ്പിങ്ങിനിടെ കാട്പിടിച്ചുകിടക്കുന്ന ഭാഗത്ത് തലയോട്ടി കണ്ടത്. തുടർന്ന് പ്രദേശവാസികളെത്തി പരിശോധന നടത്തിയപ്പോഴാണ് പല ഭാഗത്തായി അസ്ഥികളും അസ്ഥികൂടവും കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പ് സതിയമ്മയുടെ ഭർത്താവ് ടാപ്പിങ് തൊഴിലാളിയായ രാജേന്ദ്രൻപിള്ളയെ (63) കാണാതായിരുന്നു. വീട്ടുകാർ ശൂരനാട് പൊലീസിൽ പരാതി നൽകുകയും പൊലീസ് മാൻമിസിങ്ങിന് കേസെടുത്ത് അന്വേഷണം നടത്തി വരികയുമായിരുന്നു. കാൺമാനില്ലെന്ന് കാട്ടി രാജേന്ദ്രൻ പിള്ളയുടെ ഫോട്ടോ നവമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇദ്ദേഹത്തെകുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ തലയോട്ടിയും അസ്ഥികൂടവും രാജേന്ദ്രൻ പിള്ളയുടേത് ആണോയെന്ന് സംശയിക്കുന്നു. ശാസ്ത്രീയ പരിശോധനകളിലൂടെയേ ഇത് തെളിയിക്കാൻ കഴിയൂ എന്നതിനാൽ പൊലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് വിഭാഗം ശേഖരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. ശാസ്താംനട-തൊളിക്കൽ റോഡിൽ നെടുവിലയ്യത്ത് ഭാഗത്തെ കനാൽ പാലത്തിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിയതായാണ് സംശയിക്കുന്നത്. മരക്കൊമ്പ് ഒടിഞ്ഞ് മൃതദേഹം കനാലിൽ വീണ് ദുർഗന്ധം വമിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല.
ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനാലും തെരുവ് നായ്ക്കൾ ചത്ത് പലപ്പോഴും ദുർഗന്ധം പരക്കുന്നതിനാലുമാണ് പ്രദേശവാസികൾ കാര്യമാക്കാതിരുന്നത്. കനാലിൽ വീണുകിടന്ന മൃതദ്ദേഹം നായ്ക്കൾ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചതിനാലാണ് തലയോട്ടിയും അസ്ഥികൂടവും മറ്റും പല ഭാഗങ്ങളിൽ നിന്നു ലഭിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

