മിഠായിത്തെരുവിൽ വ്യാപാരിയെ വധിക്കാൻ ശ്രമിച്ച ആറുപേർ റിമാൻഡിൽ
text_fieldsകോഴിക്കോട്: മിഠായിത്തെരുവിൽ വ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികളെ കോടതി റിമാന്ഡ് ചെയ്തു. ഇരിങ്ങലൂർ സ്വദേശി അർഷാദ് ബാബു (41), നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുൽ ഹമീദ് (40), കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46), കിണാശ്ശേരി ചെരണംകുളംപറമ്പ് അബ്ദുൽ മനാഫ് (42), മാത്തോട്ടം വാഴച്ചാൽവയൽ അബ്ദുൽ അസീസ് (38) എന്നിവരാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ പിടിയിലായത്. ഇതേ കേസിൽ മാത്തോട്ടം സ്വദേശി ഫൈസൽ നേരത്തേ അറസ്റ്റിലായിരുന്നു.
കച്ചവടസംബന്ധമായ തർക്കത്തെതുടർന്ന് നവംബർ 14ന് പൊക്കുന്ന് സ്വദേശി ജലീലിനെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ടൗൺ സ്റ്റേഷനിൽ പരാതി നൽകിവരുകയായിരുന്ന ജലീലിനെ അർഷാദ്ബാബുവിന്റെ നേതൃത്വത്തിലുളള സംഘം മർദിക്കുകയും ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ വ്യാപാരിയെ ബീച്ച് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടൗൺ പൊലീസ് കേസെടുത്ത് സ്പെഷൽ ആക്ഷൻ ഗ്രൂപ്പുണ്ടാക്കിയായിരുന്നു അന്വേഷണം. കോയമ്പത്തൂരിൽ നിന്ന് ഈറോഡിലേക്ക് പോകുന്ന വഴിയെ ശരവണപ്പെട്ടി എന്ന സ്ഥലത്ത് വാഹനം തടഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഒരുമാസത്തോളമായി കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് വലയിലാക്കിയത്.
പിടികൂടുമെന്ന് ഭയന്ന് പലപ്പോഴും ഭക്ഷണം കഴിക്കാൻപോലും പുറത്തിറങ്ങാതെയും മൊബൈൽ ഫോൺ ഒഴിവാക്കിയും കഴിഞ്ഞ പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ വക്കീലിന്റെ നിർദേശപ്രകാരം സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങാറില്ലായിരുന്നുവത്രെ. സംഭവശേഷം സ്വസ്ഥമായി ഉറങ്ങാൻ സാധിച്ചില്ലെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. റോഡരികിലും ചെറിയ റൂമുകളിലും സ്വന്തമായി ഭക്ഷണം പാകം ചെയ്തും മറ്റും പല സ്ഥലങ്ങളിലും മാറിമാറി താമസിച്ചു. കേരള-തമിഴ്നാട് അതിർത്തിയിൽ ആനക്കട്ടി എന്ന സ്ഥലത്ത് വനപ്രദേശത്ത് ഒളിവിൽ കഴിയുന്നെന്ന് പൊലീസ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം വന മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. ആനയിറങ്ങുന്ന പ്രദേശമായതിനാൽ രാത്രി തിരച്ചിൽ നിർത്തിയ സംഘം പിറ്റേന്ന് അന്വേഷണം തുടർന്നു. അപ്പോഴേക്കും പ്രതികൾ ഈറോഡ് ഭാഗത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്ന് മനസ്സിലാക്കി പിന്തുടരുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ് എസ്.ഐ ഒ. മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സി.പി.ഒമാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യം, എ.കെ. അർജുൻ, ടൗൺ സ്റ്റേഷൻ എ.എസ്.ഐമാരായ ഷബീർ, രാജൻ, സുനിത, സീനിയർ സി.പി.ഒമാരായ പി. സജേഷ് കുമാർ, രമേശൻ, സി.പി.ഒ.എമാരായ അനൂജ്, സുജന എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

