കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ആറുപേർ കൂടി അറസ്റ്റിൽ. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. പുന്നോൽ കിഴക്കയിൽ ഹൗസിൽ സി.കെ. അർജുൻ (23), ടെമ്പിൾഗേറ്റ് സോപാനത്തിൽ കെ. അഭിമന്യു (22), പുന്നോൽ ചാലിക്കണ്ടി ഹൗസിൽ സി.കെ. അശ്വന്ത് (23), ചാലിക്കണ്ടി ഹൗസിൽ ദീപക് സദാനന്ദൻ(23), പുന്നോലിലെ പ്രഷീജ് എന്ന പ്രജൂട്ടി, പൊച്ചറ ദിനേശൻ (42) എന്നിവരാണ് അറസ്റ്റിലായത്. പ്രജിത്ത് എന്ന മൾട്ടി പ്രജിയാണ് (32) കസ്റ്റഡിയിലുള്ളത്. പ്രജിത്ത് എന്ന മൾട്ടി പ്രജിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ റിമാൻഡിലായ നാലു പ്രതികളെ കഴിഞ്ഞദിവസം തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചുദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
തലശ്ശേരി നഗരസഭ കൗൺസിലറും ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റുമായ കൊമ്മല്‍വയലിലെ കെ. ലിജേഷ് (37), പുന്നോലിലെ കെ.വി. വിമിന്‍ (26), അമല്‍ മനോഹരന്‍ (26), ഗോപാല്‍പേട്ടയിലെ എം. സുനേഷ് (39) എന്നിവരെയാണ് അഞ്ചുദിവസത്തേക്ക് കോടതി കസ്‌റ്റഡിയില്‍ വിട്ടത്. ഗൂഢാലോചനയിലും കൊലപാതകത്തിൽ പങ്കെടുത്ത പ്രതികള്‍ക്ക് സഹായം ചെയ്‌തുനല്‍കിയതിലുമാണ് ഇവര്‍ പിടിയിലായത്.