സിദ്ധരാമയ്യ ഉൾപ്പെട്ട സ്റ്റിങ് ഓപ്പറേഷൻ: ഡൽഹിയിൽ നിന്ന് ഒരാളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsബംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി ക്രൈം പൊലീസിന്റെ പ്രത്യേക സംഘം ഡൽഹി ആസ്ഥാനമായുള്ള റിതേഷ് പാണ്ഡെ എന്നയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ അറസ്റ്റാണിത്. ആരാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്നും പിന്നീട് അത് സമൂഹ മാധ‍്യമത്തിൽ എങ്ങനെയാണ് പ്രചരിച്ചതെന്നും കണ്ടെത്തുന്നതിനായി പൊലീസ് ഡിജിറ്റൽ പരിശോധന തുടരുന്നതിനിടെയാണ് അറസ്റ്റ്.
പ്രതിയെ ഡൽഹിയിൽ നിന്ന് പിടികൂടി ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലേക്ക് കൊണ്ടുവന്നു. വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ചതായി സംശയിക്കുന്ന സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുമായുള്ള ഇയാളുടെ ബന്ധത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
അതേസമയം, വീഡിയോ അപ്‌ലോഡ് ചെയ്തതിലോ പങ്കുവെച്ചതിലോ പങ്കുണ്ടെന്ന് സംശയിക്കുന്ന നിരവധി പേർക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ശനിയാഴ്ച പറഞ്ഞു. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ നിരവധി സൂചനകൾ അന്വേഷണത്തിൽ ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

