പരാതിക്കാരനെക്കുറിച്ച് പാറമട ഉടമക്ക് വിവരം ചോര്‍ത്തിനല്‍കിയതിന് എസ്.ഐക്കും പൊലീസുകാർക്കും സസ്പെൻഷൻ
text_fieldsവടശ്ശേരിക്കര: അനധികൃത പാറഖനനം സംബന്ധിച്ച് പരിസ്ഥിതിപ്രവര്‍ത്തകന്‍ തിരുവനന്തപുരം പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ചുപറഞ്ഞ പരാതിയുടെ വിശദാംശങ്ങള്‍ പാറമട ഉടമക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. എസ്.ഐ സാജു പി. ജോര്‍ജ്, സി.പി.ഒമാരായ സച്ചിന്, രതീഷ് (മത്തായി) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പരിസ്ഥിതിപ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണസമിതി ജില്ല കമ്മിറ്റി അംഗവുമായ ബിജു മോടിയിലിനാണ് വധഭീഷണി നേരിടേണ്ടിവന്നത്. ചിറ്റാര്‍ മീന്‍കുഴി തടത്തില്‍ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് സമീപമാണ് അച്ചായന് എന്ന് വിളിപ്പേരുള്ള ക്വാറി ഉടമ പാറ പൊട്ടിച്ചത്. മൈനിങ് ആന്‍ഡ് ജിയോളജിയുടെയും മറ്റ് വകുപ്പുകളുടെയും അനുമതിയില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ മാസങ്ങളായി തുടരുന്ന ഖനനത്തിനെതിരെ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിജു പരാതി നല്‍കിയിരുന്നു. നടപടി ഇല്ലാതെ വന്നപ്പോഴാണ് 112 ഹെല്പ് ലൈന്‍ നമ്പറില്‍ തിരുവനന്തപുരം പൊലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചത്.
കണ്ട്രോള് റൂമില്‍നിന്ന് വിവരം കിട്ടിയതനുസരിച്ച് ചിറ്റാര്‍ പൊലീസ് സ്ഥലം പരിശോധിച്ചെങ്കിലും ഖനനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതിന് പിന്നാലെയാണ് പരാതിക്കാരനായ ബിജുവിനുനേരെ ക്വാറി ഉടമയുടെ ഭീഷണി ഉണ്ടായത്.
ആദ്യം കെ.പി.എം.എസ് സംസ്ഥാന നേതാവ് എന്ന് പരിചയപ്പെടുത്തിയ ആള് വിളിച്ച് വിഷയം സംസാരിച്ച് തീര്‍ക്കണമെന്നാവശ്യപ്പെട്ടു.
പിന്നാലെ ക്വാറി മാഫിയ സംഘം ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വെട്ടിക്കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ചിറ്റാര്‍ പൊലീസിൽനിന്ന് പാറ, മണ്ണ് മാഫിയകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
ദക്ഷിണമേഖല ഐ.ജിയുടെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തെത്തുടർന്നാണ് സസ്പെന്ഷന്. ചിറ്റാര്‍ പ്രദേശത്ത് വലിയ സ്വാധീനമുള്ള പാറമട ഉടമ പൊലീസുകാര്‍ക്കും റവന്യൂ അധികൃതര്‍ക്കും കൃത്യമായി പടി നല്‍കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.