തട്ടുകട ആക്രമണം: ഒരാൾകൂടി പിടിയിൽ
text_fieldsകടുത്തുരുത്തി: തട്ടുകടയിലെ ആക്രമണത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കോതനല്ലൂർ പാപ്പള്ളി പാറേകുന്നേൽ വീട്ടിൽ ഷിജു (22) വിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി കോതനല്ലൂർ വിജയപാർക്കിന് സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരാളുമായി ഉണ്ടായ വാക്തർക്കത്തെ തുടർന്ന് തോർത്തിനുള്ളിൽ കരിങ്കൽ കഷ്ണങ്ങൾവെച്ച് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ഷിജുവും കൂട്ടുപ്രതികളും ഒളിവിൽ പോകുകയായിരുന്നു. ഒന്നാംപ്രതി വിഷം എന്ന് വിളിക്കുന്ന സുധീഷിനെ പൊലീസ് രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ച് ആലപ്പുഴ ജില്ലയിൽ മുഹമ്മ, കഞ്ഞിക്കുഴി, കുത്തിയതോട് പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഷിജു പിടിയിലാകുന്നത്. ഇയാള്‍ക്ക് പൊന്‍കുന്നം, ഗാന്ധിനഗര്‍ സ്റ്റേഷനുകളില്‍ ധാരാളം കഞ്ചാവ് കേസുകളും നിലവിലുണ്ട്.
കടത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐമാരായ റോജിമോൻ, റെജിമോൻ, സി.പി.ഒമാരായ കെ.പി. സജി, പ്രവീൺകുമാർ, അനൂപ് അപ്പുക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.