വിവാഹാഭ്യർഥന നിരസിച്ചു, സഹോദരിയെ പോലെയാണ് കണ്ടതെന്ന് പറഞ്ഞു; മഹാരാഷ്ട്രയിലെ ഡോക്ടറുടെ ആത്മഹത്യയിൽ കുറ്റാരോപിതന്റെ ബന്ധുവിന്റെ വെളിപ്പെടുത്തൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി അറസ്റ്റിലായ യുവാവിന്റെ ബന്ധു. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് പൊലീസ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രശാന്ത് ബങ്കർ എന്ന യുവാവും ഡോക്ടറും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ബന്ധത്തിൽ വിള്ളലുണ്ടായി.
വ്യാഴാഴ്ചയാണ് സതാരയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 29 വയസുള്ള ഡോക്ടർ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്. അവരുടെ മുറിയിൽ നിന്ന് നാലു പേജുളള ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു. സബ് ഇൻസ്പെക്ടർ ഗോപാൽ ബദനെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും പ്രശാന്ത് ബങ്കർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.
ഈ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത് പ്രശാന്തിന്റെ സഹോദരിയാണ്. സഹോദരൻ നിരപരാധിയാണെന്നാണ് പ്രശാന്തിന്റെ സഹോദരി അവകാശപ്പെടുന്നത്. സഹോദരനെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഡോക്ടർ മെസേജുകൾ അയച്ചിരുന്നുവെന്നുമാണ് പ്രശാന്തിന്റെ സഹോദരി പറയുന്നത്. ഡോക്ടറെ വിവാഹം കഴിക്കാൻ സഹോദരന് താൽപര്യമുണ്ടായിരുന്നില്ല. മാത്രമല്ല, താനവരെ ഒരു മൂത്ത സഹോദരിയെ പോലെയാണ് കാണുന്നതെന്നും പ്രകാശ് മറുപടി നൽകി. അതിലുള്ള വൈരാഗ്യമാണ് ആത്മഹത്യ കുറിപ്പിൽ സഹോദരന്റെ പേര് പരാമർശിച്ച് ഡോക്ടർ തീർത്തതെന്നും പ്രശാന്തിന്റെ സഹോദരി ആരോപിക്കുന്നു.
പ്രശാന്തിന് ഡെങ്കിപ്പനി വന്ന് ചികിത്സിച്ച വേളയിലാണ് ഡോക്ടറുമായി പരിചയത്തിലായത്. അവർ പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറി. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും ഡോക്ടർ പ്രശാന്തിനെ പലതവണ വിളിക്കുകയും മെസേജുകൾ അയക്കുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം സ്ക്രീൻ ഷോട്ടുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രശാന്തിന്റെ സഹോദരി വ്യക്തമാക്കി.
പ്രശാന്ത് ശാരീരികമായി പീഡിപ്പിച്ചുവെന്ന ഡോക്ടറുടെ വാദങ്ങൾ സഹോദരൻ സുശാന്ത് ബങ്കറും തള്ളിയിട്ടുണ്ട്. ഇക്കുറി ഡോക്ടർ ദീപാവലി ആഘോഷിച്ചത് പ്രശാന്തിനും കുടുംബത്തിനും ഒപ്പമായിരുന്നു. പ്രശാന്ത് ഉപദ്രവിച്ചുവെങ്കിൽ ഡോക്ടർ ദീപാവലി കുടംബത്തിനൊപ്പം ആഘോഷിക്കാൻ തയാറാകുമായിരുന്നോ എന്നും സഹോദരൻ ചോദിക്കുന്നു. താൻ ജീവനൊടുക്കുമെന്ന് പറഞ്ഞ് ഡോക്ടർ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയ കാര്യവും സഹോദരൻ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

