നീലച്ചിത്ര കേസ്: രാജ് കുന്ദ്രയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
text_fieldsമുംബൈ: നീലച്ചിത്രം നിർമിച്ച് മൊബൈൽ ആപുകളിൽ വിൽപന നടത്തിയ കേസിൽ പിടിയിലായ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുന്ദ്രയെ മുംബൈ പൊലീസ് കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിക്കാതെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കുന്ദ്ര നൽകിയ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
അതിനിടെ, നടിമാരായ പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര എന്നിവർക്ക് ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 20 വരെ ഇവരുടെ പേരിൽ നടപടി സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. കുന്ദ്ര ഉൾപെട്ട നീലച്ചിത്ര റാക്കറ്റ് കേസിൽ ഹാജരാകാൻ ഷെർലിൻ ചോപ്രക്ക് നേരത്തെ സമൻസ് ലഭിച്ചിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം ശിൽപയുടെയും കുന്ദ്രയുടെയും വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡിനിടെ ഇരുവരും കൈയാങ്കളി നടന്നതായി എ.എൻ.ഐ റിപ്പോർട്ട് പറയുന്നു. വഴക്കിനിടെ നടി കണ്ണീരണിഞ്ഞതിനെ തുടർന്ന് പൊലീസ് സംഘം ഇടപെട്ടതായും ഭർത്താവിന്‍റെ ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്ന് അവർ പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.