അവൾ പറയുന്നത് പച്ചക്കള്ളം; അഞ്ജലി മദ്യപിച്ചിരുന്നുവെന്ന സുഹൃത്തിന്റെ വാദത്തെ കുറിച്ച് കുടുംബം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ഇടിച്ചിട്ട കാറിനടിയിൽ കുടുങ്ങി കൊല്ലപ്പെട്ട അഞ്ജലി സിങ്ങിനെതിരെ സുഹൃത്ത് നിധി നൽകിയ മൊഴി പച്ചക്കള്ളമെന്ന് കുടുംബം. കൊല്ലപ്പെട്ട അഞ്ജലി അമിതമായി മദ്യപിച്ചിരുന്നുവെന്നും എന്നിട്ടും സ്കൂട്ടറിൽ യാത്ര ചെയ്യാൻ നിർബന്ധിക്കുകയായിരുന്നുവെന്നുമാണ് നിധി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ജലി കാറിൽ കുടുങ്ങിക്കിടക്കുന്ന കാര്യം ഡ്രൈവർക്ക് അറിയാമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.
ന്യൂ ഇയർ പാർട്ടിക്ക് അഞ്ജലി സിങ്ങിനൊപ്പം നിധിയുമുണ്ടായിരുന്നു. ഇവർ ഒരുമിച്ചാണ് തിരിച്ചു വന്നതും. മദ്യലഹരിയിൽ യുവാക്കളുടെ കാർ അഞ്ജലിയുടെ സ്കൂട്ടറിൽ ഇടിച്ച ശേഷം 12 കിലോമീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. എന്നാൽ
ഇങ്ങനെയൊരു സുഹൃത്തിനെ കുറിച്ച് കേട്ടിട്ടേ ഇല്ലെന്നാണ് അഞ്ജലിയുടെ കുടുംബം പറയുന്നത്. അപകടം നടന്ന രാത്രിയിൽ അഞ്ജലി അമിതമായി മദ്യപിച്ചിരുന്നുവെന്ന നിധിയുടെ വാദം അവരുടെ കുടുംബഡോക്ടറും തള്ളി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അങ്ങനെയൊരു കാര്യം പറയുന്നില്ലെന്നും ഡോക്ടർ ഭൂപേഷ് വ്യക്തമാക്കി. ''പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അഞ്ജലിയുടെ വയറ്റിൽ ഭക്ഷണമുണ്ട്. മദ്യപിച്ചിരുന്നുവെങ്കിൽ കെമിക്കലിന്റെ സാന്നിധ്യത്തെ കുറിച്ച് റിപ്പോർട്ടിലുണ്ടാകുമായിരുന്നു. എന്നാൽ അങ്ങനെയില്ല. 40 പരിക്കുകളാണ് അവളുടെ ശരീരത്തിലുള്ളത്-ഡോക്ടർ ചൂണ്ടിക്കാട്ടി.
തന്റെ മകൾ മദ്യം കഴിക്കാറില്ലെന്നാണ് അഞ്ജലിയുടെ അമ്മയും മാധ്യമങ്ങളോട് പറയുന്നത്. ''നിധിയെ കുറിച്ച് ഞാൻ കേട്ടിട്ടേയില്ല. കണ്ടിട്ടുമില്ല. അവൾ ഞങ്ങളുടെ വീട്ടിൽ വന്നിട്ടില്ല. കള്ളം പറയുകയാണവൾ. എന്റെ മകൾ മദ്യം കഴിക്കാറില്ല. അവളൊരിക്കലും വീട്ടിലേക്ക് മദ്യപിച്ച് കയറിവന്നിട്ടില്ല. നിധി പറയുന്നത് പച്ചക്കള്ളമാണ്''-അഞ്ജലിയുടെ അമ്മ രേഖ ദേവി പറഞ്ഞു.
നിധിയുടെ മൊഴിയിൽ അഞ്ജലിയുടെ അമ്മാവൻ പ്രേമും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അപകടം നടന്ന കാര്യം നിധി പൊലീസിനെ അറിയിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് അന്വേഷണത്തിൽ ഞങ്ങൾ തൃപ്തരാണ്. എന്നാൽ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി എടുക്കണം. ഇതൊരു അപകടമല്ലെന്നും കൊലപാതകമാണെന്നും. നിധിക്കെതിരെയും കേസെടുക്കണമെന്നും പ്രേം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

