മോഷണംപോയ അപൂർവ പ്രാർഥനാ മുത്തുകൾ 24 മണിക്കൂറിനകം വീണ്ടെടുത്ത് ഷാർജ പൊലീസ്
text_fieldsഷാർജ: മോഷ്ടിക്കപ്പെട്ട 1,00,000 ഡോളറിലധികം വിലമതിക്കുന്ന അപൂർവ പ്രാർഥനാ മുത്തുകൾ കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ വീണ്ടെടുത്ത് ഷാർജ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. വാർത്ത പുറത്തുവിട്ടതിനൊപ്പം, വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയയിൽ പ്രാർഥനാ മുത്തുകൾ വിൽപ്പനക്കായി പരസ്യം ചെയ്ത ചൈനീസ് പൗരനാണ് തട്ടിപ്പിനിരയായത്. മുത്തുകളുടെ മുഴുവൻ ശേഖരവും വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് എത്തിയ ഒരാൾ, ഉൽപന്നങ്ങൾ പരിശോധിക്കാനെന്ന വ്യാജേന ഇയാളെ ഷാർജയിലെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ചൈനീസ് പൗരനെ വഞ്ചിച്ച് പ്രാർഥനാ മുത്തുകൾ കൈക്കലാക്കി പ്രതികൾ കടന്നുകളഞ്ഞു.
പരാതി ലഭിച്ച ഉടൻ ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റ് (സി.ഐ.ഡി) അന്വേഷണം ആരംഭിച്ചതായി സി.ഐ.ഡി ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഖലീഫ അൽ ഹായ് വ്യക്തമാക്കി. അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ലഭ്യമായ വിവരങ്ങളും വിശകലനം ചെയ്ത് അന്വേഷണ സംഘം പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുകയും അവരുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു.
അയൽ എമിറേറ്റിൽ ഒളിവിലായിരുന്ന പ്രതികളെ, അവിടുത്തെ സുരക്ഷാ അധികാരികളുടെ സഹകരണത്തോടെ 24 മണിക്കൂറിനുള്ളിൽ പിടികൂടി. മോഷ്ടിക്കപ്പെട്ട അപൂർവ വസ്തുക്കൾ പൂർണമായും വീണ്ടെടുക്കുകയും ചെയ്തു. അപരിചിതരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സുരക്ഷിതമായ ഔദ്യോഗിക സ്ഥലങ്ങൾ തെരഞ്ഞെടുക്കാനും, വ്യക്തികളുടെ വിവരങ്ങൾ കൃത്യമായി ഉറപ്പുവരുത്താനും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

