നിലമ്പൂർ: ''വേറെ സംഗതികളൊന്നുമില്ല, ഞങ്ങൾതന്നെ ജയിക്കും''-മൈസൂരുവിലെ നാട്ടുവൈദ‍്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ മുഖ‍്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ ആദ‍്യപ്രതികരണം ഇങ്ങനെ. ഷൈബിന്‍റെ മുക്കട്ടയിലെ കൊട്ടാരസദൃശമായ വീട്ടിൽ തെളിവെടുപ്പ് നടത്തിയശേഷം തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണമുണ്ടായത്.
ജയിക്കാനെന്താ ഇത് മത്സരമാണോയെന്ന് തെളിവെടുപ്പ് സ്ഥലത്തെത്തിയ നാട്ടുകാരുടെ ചോദ്യത്തിന് ''ഇത് ഒരു മത്സരംതന്നെയല്ലേ?'' എന്നായിരുന്നു ഷൈബിന്‍റെ മറുപടി. അറസ്റ്റിനുശേഷം ഷൈബിന്‍റെ ആദ‍്യത്തെ പൊതുപ്രതികരണമായിരുന്നു ഇത്. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ ഷൈബിൻ അഷ്റഫിനെ തെളിവെടുപ്പിന് മുക്കട്ടയിലെ വീട്ടിലെത്തിച്ചത്. വീട്ടിനുള്ളിലും വീട്ടുവളപ്പിലുമായി 20 മിനിറ്റിലേറെ തെളിവെടുപ്പ് നടത്തി.
കൊല നടത്തിയ മുറി, മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയം, വീടിന്‍റെ പരിസരം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. ചോദ‍്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള തെളിവെടുപ്പാണ് നടത്തിയത്. തെളിവെടുപ്പിന് ആദ‍്യമായാണ് ഇയാളെ കൃത‍്യം നടത്തിയ വീട്ടിലെത്തിക്കുന്നത്. മടങ്ങുന്നതിനിടെ ചന്തക്കുന്നിലെ ഷൈബിന്‍റെ ബന്ധുവിന്‍റെ ബേക്കറിയിലും തെളിവെടുപ്പ് നടത്തി. മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയശേഷം പ്രതികൾ വിശ്രമിച്ച ലോഡ്ജിലും ശനിയാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു.