ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴയും
text_fieldsകരുനാഗപ്പള്ളി: സ്കൂള്‍ യൂനിഫോമിന്റെ അളവെടുക്കുന്നതിനിടെ വിദ്യാർഥികൾക്ക് നേരെ ലൈംഗികാക്രമണം നടത്തിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം രണ്ടു മാസം കൂടി ജയില്‍വാസം അനുഭവിക്കണം. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് മുറിയിൽ പുത്തൻ വിളയിൽ (ലിജു ഭവനിൽ) ലൈജു (42) വിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എഫ്. മിനിമോൾ ശിക്ഷിച്ചത്.
കുട്ടികളുടെ പരാതിയിൽ പ്രത്യേകം അന്വേഷണം നടത്തി ശൂരനാട് പൊലീസ് നല്കിയ അന്തിമ റിപ്പോർട്ട് ഹാജരാക്കിയ കേസിലാണ് വിധി. ശൂരനാട് സബ് ഇൻസ്പെക്ടർ രാജൻ ബാബുവാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തീകരിച്ചത്.
പ്രോസിക്യൂഷന് വേണ്ടി എന്‍.സി. പ്രേമചന്ദ്രന് കോടതിയില്‍ ഹാജരായി. എ.എസ്.ഐ ഹെലന് മേരി പ്രോസിക്യൂഷന് സഹായിയായി.

