സ്പെഷൽ സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ജീവപര്യന്തവും പിഴയും
text_fieldsസജി
മൂവാറ്റുപുഴ: സ്പെഷ്യൽ സ്കൂൾ വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയയാൾക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനു പുറമെ വിവിധ വകുപ്പുകളിലായി 26 വർഷം തടവും വിധിച്ചു. മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. മാനസിക വെല്ലവിളി നേരിടുന്ന 15 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ പോത്താനിക്കാട് വാടകക്ക് താമസിക്കുന്ന മൂവാറ്റുപുഴ ആയവന സിദ്ധൻപടി ചേന്നിരിക്കൽ സജി (58) യെയാണ് ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലങ്കിൽ അധിക തടവും അനുഭവിക്കണം. പിഴ ഒടുക്കിയാൽ ഇരക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിലുണ്ട്. 2019 ജൂൺ 19നാണ് കേസിന് ആസ്പദമായ സംഭവം. മാതാപിതാക്കൾ പണിസ്ഥലത്ത് ആയിരുന്നതിനാൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി സ്കൂൾ വിട്ട് മാതൃ സഹോദരിയുടെ വീട്ടിൽ വരികയായിരുന്നു.
പെൺകുട്ടി എത്തിയതിന് പിന്നാലെ മാതൃ സഹോദരി വിറക് ശേഖരിക്കാൻ പുറത്തുപോയി. ഈ സമയം പെൺകുട്ടിയും കാഴ്ച-കേൾവി പരിമിതിയുളള മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഈ തക്കം നോക്കി പ്രതി വീട്ടിൽ കയറി ലൈംഗിക അതിക്രമത്തിന് ഇരയാക്കുക ആയിരുന്നു. വിറക് ശേഖരിച്ച് മടങ്ങി എത്തിയ ചെറിയമ്മയോട് പെൺകുട്ടി വിവരം പറഞ്ഞതോടെ അവർ മാതാവിനെ വിളിച്ചു വരുത്തി.
പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. 2021ൽ പറമ്പഞ്ചേരി സ്വദേശിനിയായ 18 കാരിയെ പീഡിപ്പിച്ച കേസിൽ ഇയാൾ വിചാരണ നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

