വിദേശയുവതിയോട് ലൈംഗികാതിക്രമം: ആയുർവേദ ചികിത്സ കേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ
text_fieldsഷാജി
കാട്ടാക്കട: യോഗ പഠിക്കാനെത്തിയ വിദേശയുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആയുർവേദ ചികിത്സ കേന്ദ്രം നടത്തുന്നയാൾ പിടിയിൽ. നെയ്യാർഡാം വ്ലാവെട്ടി വീട്ടിൽ ഷാജി(44)യെയാണ് നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നുമാസം മുമ്പ് കേരളത്തിലെത്തിയ ബെൽജിയം സ്വദേശിയായ വനിതയെ തന്ത്രപരമായി ചികിത്സ കേന്ദ്രത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തവേ യുവതി ഡോക്ടറോട് നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്ക് വഴിവെച്ചതെന്ന് നെയ്യാർഡാം പൊലീസ് പറഞ്ഞു. തുടർന്ന് നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.
പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

