പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 46 വർഷം കഠിനതടവ്
text_fieldsപട്ടാമ്പി (പാലക്കാട്): വീട്ടിൽ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 46 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. എഴുവന്തല കാട്ടിരിക്കുന്നത്ത് ആനന്ദനെയാണ് (47) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
പിഴസംഖ്യ ഇരക്ക് നൽകാനും വിധിച്ചു. 2018ൽ നടന്ന സംഭവത്തിൽ ചെർപ്പുളശ്ശേരി സർക്കിൾ ഇൻസ്പെക്ടർമാരായ ദീപകുമാർ, മനോഹരൻ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 15 സാക്ഷികളെ വിസ്തരിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. നിഷ ഹാജരായി. നഷ്ടപരിഹാരത്തുക ഇരക്ക് നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.

