ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കൾ അറസ്റ്റിൽ
text_fieldsപ്രണവ്, സജിൻ, ശ്രാവൺ, അക്ഷയ്, സച്ചിൻ, അർജുൻ, രഘുരാമൻ
ആലപ്പുഴ: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സിമെത്താംഫിറ്റാമിനുമായി (എം.ഡി.എം.എ) ഏഴ് യുവാക്കൾ അറസ്റ്റിൽ. പൊലീസും നാർകോട്ടിക് സെല്ലും ചേർന്നാണ് ഇവരെ പിടികൂടിയത്.
ഹരിപ്പാട് മുതുകുളം അപ്സരസിൽ പ്രണവ് (24), കൃഷ്ണപുരം തേജസിൽ സജിൻ (25), ചേപ്പാട് തട്ടശ്ശേരിൽ ശ്രാവൺ (23) മുതുകുളം ഓയു നിവാസ് അക്ഷയ (24), ആറാട്ടുപുഴ ഉച്ചരിചിറയിൽ സച്ചിൻ (23), പള്ളിപ്പാട് മംഗലപ്പിള്ളിയിൽ അർജുൻ (23), മുതുകുളം പുത്തൻമഠത്തിൽ രഘുരാമൻ (24) എന്നിവരാണ് അറസ്റ്റിലായത്. 50 ഗ്രാം മയക്കുമരുന്നാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.ആർ. ബിനുകുമാർ, ഹരിപ്പാട് സി.ഐ ബിജു വി. നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ കാറിൽ കൊണ്ടുവന്ന് ഹരിപ്പാട് ഡാണാപ്പടിക്കടുത്ത മംഗല്യ റിസോർട്ടിൽ റൂമെടുത്ത് വിൽപന നടത്തിക്കൊണ്ടിരിക്കെയാണ് പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തതിൽ ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് കണ്ടെത്തി. ജില്ലയിലേക്ക് ബംഗളൂരു കേന്ദ്രമാക്കി പ്രത്യേക മയക്കുമരുന്ന് ലോബി പ്രവർത്തിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഗ്രാമിന് 3000 മുതൽ 5000 വരെ രൂപക്കാണ് വിൽക്കുന്നതെന്നും പ്രതികൾ മൊഴി നൽകി. ഇവർ മാസത്തിൽ രണ്ടുമൂന്നു തവണ ബംഗളൂരുവിൽ പോയി എം.ഡി.എം.എയും കഞ്ചാവും നാട്ടിലെത്തിച്ച് വിൽപന നടത്തിവരുകയായിരുന്നു. കൈകാര്യം ചെയ്യാൻ എളുപ്പമായതിനാലാണ് എം.ഡി.എം.എ വിൽപനയിലേക്ക് തിരിഞ്ഞതെന്ന് പ്രതികൾ പറഞ്ഞു.