തേനിയിൽ 25 കിലോ കഞ്ചാവുമായി ഏഴുപേർ അറസ്റ്റിൽ
text_fieldsകുമളി: തേനി ജില്ലയിലെ രണ്ടിടത്തായി 25 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഏഴ് പേരെ അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ പെരിയകുളം, ശെങ്കപ്പെട്ടി റോഡിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കാത്തുനിന്ന പൊലീസാണ് 21 കിലോ കഞ്ചാവുമായി മൂന്ന് പേരെ ആദ്യം അറസ്റ്റ് ചെയ്തത്. ഉത്തമ പാളയം സ്വദേശികളായ പ്രദീപൻ (24), ചന്ദ്രൻ (50), ശശികുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. ഇതിനുപിന്നാലെ കമ്പത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം കുമളി വഴി കടത്താൻ കൊണ്ടുപോവുകയായിരുന്ന നാല് കിലോ കഞ്ചാവും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കമ്പം സ്വദേശികളായ പ്രതാപ് (23), വണ്ണക്കിളി (56), പ്രദീപ് (19), ശാന്തി (40) എന്നിവരെ അറസ്റ്റ് ചെയ്തു. തീർത്ഥാടന കാലത്തെ വാഹനത്തിരക്കിനിടയിൽ അതിർത്തിയിലെ ചെക്ക്പോസ്റ്റ് അധികൃതരെ വെട്ടിച്ച് കഞ്ചാവ് കേരളത്തിലേക്ക് കടത്തുകയായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളെ ഉത്തമ പാളയം കോടതി റിമാൻഡ് ചെയ്തു.

