യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘം അറസ്റ്റിൽ
text_fieldsയുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം
അമ്പലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗ സംഘത്തെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശികളായ ആദം ഷാ, മുഹമ്മദ് ഹാരിസ്, ഹർസൽ, അൽഖൈസ്, മുഹമ്മദ്, മുഹമ്മദ് ഷാൻ, നഹാസ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ അഞ്ചോടെ കാറില്‍ വന്ന ഒരു സംഘം നവരാക്കൽ ക്ഷേത്രത്തിനു സമീപം പഴവർഗങ്ങൾ വിൽക്കുന്ന മാള സ്വദേശിയായ സഫറുദ്ദീനെയാണ് തട്ടിക്കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് നടത്തിയ അേന്വഷണത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്നത് ഇന്നോവ കാറാണെന്ന് തിരിച്ചറിഞ്ഞു.
ഇത് തിരുവനന്തപുരത്തേക്കാണ് പോയത് എന്നറിഞ്ഞ പൊലീസ് ഇവരെ പിന്തുടർന്ന് ശക്തികുളങ്ങര ഭാഗത്തുവെച്ച് നാലുപേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റ് മൂന്ന് പേരെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയത്. പിന്നീട് സഫറുദ്ദീനെ ഒളിപ്പിച്ച വീട്ടിൽനിന്ന് കണ്ടെത്തി. വിദേശത്ത് ജോലിക്ക് വിടാമെന്ന് പറഞ്ഞ് എട്ടു മാസം മുമ്പ് 1.2 ലക്ഷം രൂപ സഫറുദ്ദീൻ യുവാക്കളിൽനിന്ന് വാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാതെ വന്നതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയത്.
സി.ഐ ദ്വിജേഷ്, എസ്.ഐമാരായ ടോൾസൻ, മാർട്ടിൻ, എ.എസ്.ഐ ഷൈല കുമാർ, കോൺസ്റ്റബിള്‍മാരായ ഷിബു, ആനൂപ് വിനു, ഇർഷാദ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.