ബംഗളൂരുവിൽ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ബംഗളൂരുവിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിലെ സീനിയർ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ 22 വയസ്സുള്ള വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. ഹനുമന്തനഗർ പൊലീസ് സ്റ്റേഷനിൽ ഇരയായ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ജീവൻ ഗൗഡ എന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഒക്ടോബർ 10 ന് കോളജ് പരിസരത്താണ് ആക്രമണം നടന്നതെങ്കിലും ഏഴാം സെമസ്റ്റർ വിദ്യാർഥിനിയായ പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് അഞ്ച് ദിവസത്തിനുശേഷമാണ് റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടിയും പ്രതിയും പരസ്പരം പരിചയമുള്ളവരും ഒരേ സ്ഥാപനത്തിൽ പഠിച്ചവരുമായിരുന്നു, എന്നാൽ പഠനനിലവാരത്തിന്റെ കുറവ് കാരണം ജീവൻ ഒരു വർഷം പിറകിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉച്ചഭക്ഷണസമയത്ത് ചില പഠനവസ്തുക്കൾ ശേഖരിക്കാൻ പെൺകുട്ടി ജീവനെ കണ്ടിരുന്നതായി പരാതിയിൽ പറയുന്നു. ആർക്കിടെക്ചർ ബ്ലോക്കിന് സമീപമുള്ള ഏഴാം നിലയിലേക്ക് അയാൾ അവളെ വിളിച്ചുവരുത്തി ചുംബിക്കാൻ ശ്രമിച്ചു. എതിർത്ത് ഓടാൻ ശ്രമിച്ച പെൺകുട്ടിയെ അയാൾ ആറാം നിലയിലെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു, ഓഫിസർ കൂട്ടിച്ചേർത്തു.
സംഭവത്തിനിടെ, ഫോൺ റിങ് ചെയ്തപ്പോൾ പ്രതി അവളുടെ ഫോണും കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പരിഭ്രാന്തിയിലായ പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. പിന്നീട് മാതാപിതാക്കളുടെ പിന്തുണയോടെ പരാതി നൽകി. പൊലീസ് ഫോറൻസിക് പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, ആക്രമണം നടന്ന ബിൽഡിങ്ങിൽ സിസിടിവി കാമറ ഇല്ലാത്തത് അന്വേഷണത്തെ സങ്കീർണമാക്കി.
സംഭവം രാഷ്ട്രീയ പ്രതികരണങ്ങൾക്ക് കാരണമായി, സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് പ്രതിപക്ഷ നേതാക്കൾ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി. ഈ കേസ് ക്രമസമാധാന പാലനത്തിലെ വ്യാപകമായ തകർച്ചയുടെ പ്രതീകമാണെന്ന് ബി.ജെ.പി നേതാവ് ആർ. അശോക് പറഞ്ഞു, നാലുമാസത്തിനുള്ളിൽ സംസ്ഥാനത്ത് 979 സ്ത്രീപീഡന കേസുകൾ രജിസ്റ്റർ ചെയ്തെന്നും ബംഗളൂരുവിൽ മാത്രം 114 കേസുകളുണ്ടെന്നും അശോക് പറഞ്ഞു. ബംഗളൂരുവിലെ ക്രൂര ബലാത്സംഗവും സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും സർക്കാറിന്റെ ധാർമികവും ഭരണപരവുമായ പരാജയത്തെയാണ് കാണിക്കുന്നതെന്നും നടപടിയെടുക്കണമെന്നും എക്‌സിലെ ഒരു പോസ്റ്റിൽ അശോക് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

