അത്ഭുത ശക്തി നൽകാമെന്ന് പറഞ്ഞ് സ്ത്രീകൾക്ക് പീഡനം; ആൾദൈവം 'ബി.ടെക് ബാബ' അറസ്റ്റിൽ
text_fieldsPhoto courtesy: YouTube
ഹൈദരാബാദ്: 40ലധികം രാജ്യങ്ങളിൽ വിശ്വാസികളുണ്ടെന്ന് അവകാശപ്പെടുന്ന ആൾദൈവം തട്ടിപ്പ്, പീഡനക്കേസുകളിൽ അറസ്റ്റിൽ. തെലങ്കാനയിലെ നാൽഗോണ്ടയിലെ വിശ്വ ചൈതന്യ സ്വാമിയാണ് അറസ്റ്റിലായത്.
26 ലക്ഷം രൂപ, 500 ഗ്രാം സ്വർണം, ഫിക്സഡ് ഡെപോസിറ്റ് ബോണ്ടുകൾ എന്നിവ 50കാരന്‍റെ ആശ്രമത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ് പിടിച്ചെടുത്തു. ലൈംഗിക ചൂഷണ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നാൽഗോണ്ടയിലെ അജ്മാപൂരിലുള്ള ശ്രീ സായ് മാനസി ചാരിറ്റബിൾ ട്രസ്റ്റിൽ പരിശോധന നടത്തിയത്.
17 ഏക്കർ ഭൂമി, ഏഴ് ലാപ്ടോപുകൾ, നാല് മൊബൈൽ ഫോൺ, കാർ, ഔഷധങ്ങൾ, പ്രാർഥന ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടിയതായി പൊലീസ് സൂപ്രണ്ട് എ.വി. രംഗനാഥ് പറഞ്ഞു.
സായി ബാബയുടെ പേരിൽ പ്രബോധനം ചെയ്താണ് ഇയാൾ സമ്പന്നരായ ഭക്തരെ ആകർഷിച്ചത്. സായി ബാബ തന്‍റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും സംഭാവനയായി പണവും സ്വർണവും സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പലപ്പോഴും ഭക്തരോട് പറഞ്ഞതായി 'ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തു.
ഹൈദരാബാദിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഔഷധങ്ങളും എണ്ണകളും ഇയാൾ വലിയ വിലക്ക് വിറ്റ് ആളുകളെ പറ്റിച്ചിരുന്നു. ലൈംഗിക ബന്ധത്തിലൂടെ അത്ഭുത ശക്തികൾ ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് സ്ത്രീകളായ ഭക്തരെ ചൂഷണം ചെയ്തിരുന്നത്. 11 പേരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് റിപ്പോർട്ട്.
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ നന്ദിഗാമയിൽ നിന്ന് 2002ലാണ് സ്വാമി ബിരുദം പൂർത്തിയാക്കിയത്. ബിരുദ പഠനത്തിന് ശേഷം ഹൈദരാബാദിലേക്ക് വണ്ടി കയറി. ആളുകളോട് കോടിയിലധികം രൂപ കടം വാങ്ങി തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെ നാടുവിട്ടു. പിന്നാലെ കേസിൽ അറസ്റ്റിലായി.
20 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ടി.വി ചാനലുകളിലൂടെ സായ് സത്ചരിത പ്രബോധനം തുടങ്ങി. ഈ പരിപാടികളിലൂെട പ്രശസ്തനായതോടെ യൂട്യൂബ് ചാനലും തുടങ്ങി. 40ലേറെ രാജ്യങ്ങളിൽ ഭക്തരുള്ളതായാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്.