കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച യുവാവ് കസ്റ്റഡിയിൽ
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരെ മർദിച്ച യുവാവിനെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം കിഴക്കേ കല്ലട ഓണാമ്പലം ചെരിയൻ പുറത്ത് രാജേഷിനെയാണ് മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗർ പൊലീസിനു കൈമാറിയത്. സുരക്ഷ വിഭാഗം മേധാവി കടുത്തുരുത്തി സ്വദേശിയായ ജോയ്സ്, സുരക്ഷ ഉദ്യോഗസ്ഥരായ ബിജു തോമസ് പനയ്ക്കപ്പാലം, മലപ്പുറം സ്വദേശി സൗദാമിനി, കുടുംബശ്രീ ജീവനക്കാരൻ എന്നിവരെയാണ് മർദിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് നാലാം വാർഡിന് സമീപത്തെ പ്രവേശന കവാടത്തിലാണ് സംഭവം. രാജേഷും മറ്റൊരാളും മൂന്നാം വാർഡിൽ പ്രവേശിക്കാൻ എത്തി. ഈ സമയം ഡോക്ടർമാർ രോഗികളെ സന്ദർശിക്കുന്ന സമയമായതിനാൽ ഒരാൾ മാത്രം പോകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സൗദാമിനി നിർദേശിച്ചു. ഇതേച്ചൊല്ലി തർക്കിച്ച രാജേഷ് ജീവനക്കാരിയെ അസഭ്യംപറഞ്ഞ് കഴുത്തിനുപിടിച്ച് തള്ളിയ ശേഷം വാർഡിലേക്ക് കയറിപ്പോയി.
വിവരം അറിഞ്ഞ് സുരക്ഷ മേധാവിയും സുരക്ഷ ജീവനക്കാരനും വാർഡിലെത്തി. ചോദ്യം ചെയ്യുന്നതിനിടെ രാജേഷ് ഇവരെയും മർദിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

