രാഹുലിനെതിരെ എഫ്.ഐ.ആറിൽ ചുമത്തിയ വകുപ്പുകൾ ഏതൊക്കെ..?, 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ..!
text_fieldsതിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, വിശ്വാസവഞ്ചന, ദേഹോപദ്രവം, സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കൽ തുടങ്ങി എട്ട് വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ഭാരതീയ ന്യായ സൻഹിതയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകൾ
- 64(2)(എഫ്)- വിശ്വാസ്യത ഉപയോഗിച്ച് ബലാത്സംഗം ചെയ്യുക
- 64(2)(എച്ച്)- ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്യുക
- 64(2)(എം)- തുടര്‍ച്ചയായ ബലാത്സംഗം
- 89- നിര്‍ബന്ധിത ഭ്രൂണഹത്യ
- 115(2)- കഠിനമായ ദേഹോപദ്രവം
- 351(3)- അതിക്രമം
- 3(5) - ഉപദ്രവം
- 66(ഇ)- അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ ചിത്രീകരിക്കുക/പ്രസിദ്ധീകരിക്കുക
എം.എൽ.എയായിരിക്കെ തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ വെച്ച് ബലാത്സംഗത്തിനിരയാക്കിയെന്നും ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്നാണ് വിവാഹിതയായ യുവതിയുടെ മൊഴി. വിവാഹം കഴിക്കാതെ കുട്ടി ഉണ്ടായാൽ തന്‍റെ രാഷ്ട്രീയ ഭാവി നശിക്കുമെന്നും താൻ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു നിർബന്ധിതമായി ഗുളിക നൽകി ഗർഭച്ഛിദ്രം നടത്തിയത്. ഗർഭച്ഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് ഗുളിക എത്തിച്ചത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയിലുണ്ട്. യുവതിയെ നെയ്യാറ്റിൻകര സി.ജെ.എം കോടതിൽ ഹാജരാക്കിയ പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി.
അതേസമയം യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹരജി സമർപ്പിച്ചു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയെ താൻ ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും ജാമ്യാ പേക്ഷയിൽ പറയുന്നു. വിവാഹിതയായ യുവതിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് ഉണ്ടായത്. . ഗര്‍ഭഛിദ്രത്തിന് യുവതി മരുന്ന് കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്. ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന് തന്നെയാണെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറയുന്നു. ഹരജി ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

