പണം മോഷ്ടിച്ചതിന് വഴക്കുപറഞ്ഞു; 14കാരൻ പിതാവിനെ തീകൊളുത്തി കൊന്നു
text_fieldsഫരീദാബാദ്: പണം മോഷ്ടിച്ചതിന് വഴക്കുപറഞ്ഞ പിതാവിനെ 14കാരൻ തീകൊളുത്തി കൊന്നു. 55 കാരനായ മുഹമ്മദ് അലീമാണ് ദാരുണമായി കൊലപ്പെട്ടത്. ഫരീദാബാദിലെ അജയ് നഗറിലാണ് സംഭവം.
പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് അലീം മകനെ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകൻ പിതാവിനെ തീകൊളുത്തി മുറിയിലിട്ട് പൂട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വാടക വീട്ടിലാണ് അലീം മകനോടൊപ്പം താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു. പുലർച്ചെ രണ്ടുമണിയോടെ അലീമിന്റെ നിലവിളി കേട്ടാണ് വീട്ടുടമസ്ഥനായ റിയാസുദീൻ ഓടിയെത്തിയത്.
അയൽവാസിയുടെ സഹായത്തോടെ അകത്തേക്ക് കടന്നപ്പോഴാണ് മുറിയിൽ നിന്നും തീ ഉയരുന്നത് കണ്ടത്. വാതിൽ പൊളിച്ച് അകത്തേക്ക് കടന്നപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ് അലീം മരണത്തിന് കീഴടങ്ങിയിരുന്നു. റിയാസുദീനെ കണ്ട മകൻ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശിയാണ് അലീം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാളും മകനും ഫരീദാബാദിലെത്തുന്നത്. ആരാധനാലയങ്ങളിലേക്ക് സംഭാവന പിരിച്ചും ആഴ്ച ചന്തയില്‍ കൊതുകുവല വിറ്റുമാണ് ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

