പ്രകൃതി വിരുദ്ധ പീഡനം; സംഘ് പരിവാർ പ്രവർത്തകൻ അറസ്റ്റിൽ
text_fieldsഷിനോജ്
പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശിയായ ബാലനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കുകയും അശ്ലീല വീഡിയോകൾ കാണിക്കുകയും ചെയ്ത കേസിൽ സംഘ് പരിവാർ പ്രവർത്തകൻ അറസ്റ്റിൽ. പ്രതിയായ ചെട്ടിപ്പടി ഷിനോജിനെ (43) പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു.
2020ൽ സ്കൂൾ വിദ്യാർഥിയെ ഉപദ്രവിക്കുകയും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ചെയ്തതിനെതുടർന്ന് കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 19ന് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.
അറസ്റ്റുവൈകുന്നതും പ്രതിയുടെ സംഘ് പരിവാർ ബന്ധവും ചേർത്തുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു. പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂട്ടുമൂച്ചി ഭാഗത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി അഡീ. എസ്.ഐ സുരേഷ് കുമാർ, പോലീസുകാരായ ആൽബിൻ, ജിനേഷ്, സമ്മാസ്, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.