കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യക്ക് ജീവപര്യന്തം
text_fieldsകണ്ണൂർ: ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ തയ്യിൽ സ്വദേശി ശരണ്യക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. 2020 ഫെബ്രുവരി 17നാണ് സ്വന്തം കുഞ്ഞിനെ ശരണ്യ കൊലപ്പെടുത്തിയത്. ആൺ സുഹൃത്തിനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊന്നതെന്നാണ് ശരണ്യയുടെ കുറ്റസമ്മത മൊഴി.
പിഴ അടച്ചാൽ തുക ഭർത്താവിന് നൽകണമെന്നും കോടതി വിധിച്ചു. ഒരമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണുണ്ടായതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ഒന്നുമറിയാത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. വിധി സമൂഹത്തിന് പാഠമാകണമെന്നും കോടതി പറഞ്ഞു. അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്.
കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് തിങ്കളാഴ്ച കോടതിവിധിച്ചിരുന്നു. ശരണ്യയുടെ സുഹൃത്ത് നിധിനെ വിട്ടയച്ചു. കൊലപാതകത്തിൽ നിധിനുമേൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാൻ രാത്രി കടലിലെറിഞ്ഞെന്നാണ് കേസ്.
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരൻ വിയാനെ കാണാതായതും തിരച്ചിലിൽ കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊലപാതക പ്രേരണയിലും ഗൂഢാലോചനയിലുമുള്ള കാമുകൻ നിധിന്റെ പങ്കും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
അറസ്റ്റ് നടന്ന് തൊണ്ണൂറാം ദിവസമാണു പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 47 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. മാസങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കും വിചാരണക്കും ശേഷമാണ് കേസില്‍ കോടതി വിധി പറഞ്ഞത്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ ഉപയോഗിച്ചാണ് കേസ് തെളിയിച്ചത്. എന്നാൽ രണ്ടാം പ്രതി നിധിനെതിരെ തെളിവുകൾ ശേഖരിക്കാൻ പൊലീസിനായില്ലെന്നു കോടതി വിലയിരുത്തി. സദാചാരഗുണ്ടകളെ പോലെയാണു പൊലീസ് പെരുമാറിയത്. ശരണ്യയും നിധിനും തമ്മിൽ സംസാരിക്കുന്നതിന്റെയും ഫോൺകാളുകളുടെയും തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതു കുട്ടിയെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്കുള്ള തെളിവാകണമെന്നില്ല. അവർ തമ്മിൽ ബന്ധമുണ്ടായിരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിധിന്റെ വിവിധ രേഖകൾ ശരണ്യയുടെ കൈയിലുണ്ടായിരുന്നു. ഇതു തിരിച്ചുവാങ്ങാൻ ഇയാൾ ശരണ്യയുടെ വീട്ടിൽ പോയെങ്കിലും സാധിച്ചില്ല. അതാണ് അടുത്ത ദിവസം തിരിച്ചുനൽകിയത്. ഇതു നൽകുമ്പോൾ ഒന്നര മണിക്കൂറോളം ഇവർ സംസാരിച്ചുനിൽക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഈസമയം ധരിച്ച വസ്ത്രവും പൊലീസ് കോടതിയിൽ ഹാജരാക്കുകയും ബന്ധുക്കൾ ഉൾപ്പെടെ ഇത് തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഗൂഢാലോചനയ്ക്കുള്ള തെളിവല്ലെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

