സാറ വധത്തിന് 23 വർഷം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒളിവിൽ തന്നെ
text_fieldsകൊല്ലപ്പെട്ട സാറ, പ്രതി മൊയ്തീൻ
തിരുനാവായ: ഏറെ കോളിളക്കം സൃഷ്ടിച്ച തിരുനാവായ സാറ വധം കഴിഞ്ഞ് 23 വർഷമായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഇനിയും കണ്ടെത്താനായില്ല.
തിരുനാവായ കടവ് പരിസരത്തെ പരേതനായ കുടിലിങ്ങൽ അലവിയുടെ മകളും നവവധുവുമായ സാറയെ 2003 നവംബർ 23ന് ചെറിയ പെരുന്നാൾ ദിനത്തിലാണ് സാറയുടെ വീടിനു സമീപത്തെ വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഒളിവിൽ പോയ ഭർത്താവ് ഒഴൂർ പണിക്കോട്ടിൽ മൊയ്തീനെ 2005ൽ തിരൂർ പൊലീസ് മൈസൂർ കല്യാൺ ഗിരിയിൽനിന്ന് പിടികൂടിയെങ്കിലും കുറ്റം സമ്മതിച്ച് ഉടൻ തന്നെ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
തുടർന്ന് മാറി മാറി വന്ന മുഖ്യമന്ത്രിമാർക്കും ഉന്നത പൊലീസ് മേധാവികൾക്കും സാറയുടെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നിരന്തരം നിവേദനങ്ങൾ നൽകിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സംഭവം കഴിഞ്ഞ് വർഷം 23 പിന്നിട്ടെങ്കിലും പ്രതിയെ പിടികൂടി ശിക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.

