സഞ്ജിത്ത് വധം: നേരിട്ട് പങ്കെടുത്ത അവസാനപ്രതിയും പിടിയിൽ
text_fieldsപാലക്കാട്: പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിലെ അഞ്ചാമനും അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമാണ് പിടിയിലായ പ്രതി. തിരിച്ചറിയൽ പരേഡ് നടക്കാനുള്ളതിനാൽ പേര് പുറത്തുവിട്ടിട്ടില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ നൽകിയ ഹരജി ഹൈകോടതി പരിഗണിക്കാനിരിക്കേയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചാമനും അറസ്റ്റിലാവുന്നത്.
ജാഫർ, യാസിൻ, ഇൻസ് മുഹമ്മദ് ഹഖ്, അബ്ദുൾ സലാം എന്നിവരാണ് നേരത്തെ പിടിയിലായത്. ഗൂഢാലോചനയിൽ പങ്കെടുത്തവരുൾപ്പെടെ ഒമ്പത് പേരാണ് ഇനി പിടിയിലാവാനുള്ളത്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ അഞ്ച് പേർ ഒളിവിലാണ്. നവംബർ 15 ന് രാവിലെയാണ് പാലക്കാട് മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

