ചന്ദന മോഷണം: പ്രതി മൂന്ന് വർഷത്തിനുശേഷം പിടിയിൽ
text_fieldsകൊല്ലങ്കോട്: വനത്തിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി മൂന്ന് വർഷത്തിനുശേഷം പിടിയിൽ. മണ്ണൂർ കിഴക്കുംപുറം സ്വദേശി പുന്നക്കൽപറമ്പ് മുഹമ്മദ് ഷെഫീഖിനെയാണ് (32) തൃശൂർ വെള്ളിക്കുളങ്ങരയിൽനിന്ന് വനം വകുപ്പ് പിടികൂടിയത്. 2019ൽ കൊല്ലങ്കോട് റേഞ്ച് പരിധിയിലെ വാമല മലവാരത്തിൽനിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ കേസിലെ ആറാം പ്രതിയാണ്.
ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏഴുപേർ പ്രതിയായ കേസിൽ അഞ്ചുപേർ 2019 ൽ തന്നെ പിടിയിലായിരുന്നു. ഒളിവിലുള്ള ഏഴാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായി കൊല്ലങ്കോട് വനം റേഞ്ച് ഓഫിസർ പ്രമോദ് പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എസ്. മണിയൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. ഗോപി, പി.എ. ആന്റണി, എ. ഉമ്മർ, വി. ഗീതേഷ്, കാജാഹുസൈൻ, എസ്. സുജിത, വാച്ചർ കെ. സുനിൽ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.

