കുപ്രസിദ്ധ ചന്ദന മോഷ്ടാവ് ചിങ്കിടി വിജയൻ പിടിയിൽ
text_fieldsവിജയൻ
കടയ്ക്കൽ: കുപ്രസിദ്ധ ചന്ദനമോഷ്ടാവ് പിടിയിൽ. വിതുര കല്ലാർ ദേവരാജ്ഭവനിൽ ചിങ്കിടി വിജയൻ എന്ന വിജയൻ (42) ആണ് പിടിയിലായത്.
കടയ്ക്കലിൽ കഴിഞ്ഞ ദിവസം ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയാണിയാൾ. സംഘത്തിലെ രണ്ടാമനായ കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള പുത്തൻ വീട്ടിൽ ഷുക്കൂറിനെ (42) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ചന്തമുക്ക് പുതൂക്കോണം ബിന്ദു ഭവനിൽ വിനോദിെൻറ വീട്ടുമുറ്റത്തുനിന്ന ചന്ദനമരം ഈ സംഘം കഴിഞ്ഞ ദിവസം രാത്രി മുറിച്ചിരുന്നു. എന്നാൽ, വീട്ടുകാർ ഉണർന്നതുമൂലം മരം കടത്താനായില്ല.
സംഘം രക്ഷപ്പെടുകയും ചെയ്തു. അടുത്ത ദിവസം രാത്രി മരം മുറിക്കുന്നതിനുള്ള ആയുധങ്ങളുമായി കാട്ടുകുളങ്ങരക്കു സമീപം ഒളിച്ചിരുന്ന സംഘത്തിലെ ഷുക്കൂറിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. എന്നാൽ, വിജയൻ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന്, കടയ്ക്കൽ പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിതുര കല്ലാറിനു സമീപം വനമേഖലയിൽ നിന്ന് ഇയാളെ പിടികൂടിയത്.