ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്ത് സെയ്ഫ് അലി ഖാൻ, കുത്തിയിറക്കിയ കത്തി നീക്കംചെയ്തതായി ഡോക്ടർ
text_fieldsസെയ്ഫ് അലി ഖാൻ
മുംബൈ: വീട്ടിൽ അതിക്രമിച്ച് കയറിയയാളുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ. ശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ലീലാവതി ഹോസ്പിറ്റലിലെ ഡോക്ടർമാർ അറിയിച്ചു. നട്ടെല്ലിനരികെ അപകടകരമായി കുത്തിയിറക്കിയ കത്തി ന്യൂറോസർജറിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തതായി ഡോ. നിതിൻ ഡാംഗെ പറഞ്ഞു. വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.
വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയിൽ അതിക്രമിച്ചു കയറിയ ആളാണ് നടനെ സാരമായി കുത്തിപ്പരിക്കേൽപ്പിച്ചത്. ആഴത്തിലുള്ള രണ്ട് മുറിവുകൾ ഉൾപ്പെടെ ആറ് മുറിവുകളാണ് താരത്തിന്റെ ദേഹത്തുണ്ടായിരുന്നത്. അതിലൊന്ന് നട്ടെല്ലിനോട് ചേർന്ന് അപകടകരമാംവിധമുള്ളതായിരുന്നു. രണ്ടര ഇഞ്ച് വലിപ്പത്തിലുള്ള കത്തിയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
ഇടതു കൈയിൽ ആഴത്തിലുള്ള രണ്ടു മുറിവുകളുണ്ട്. ഒരു മുറിവ് കഴുത്തിലാണ്. പ്ലാസ്റ്റിക് സർജറി ടീം ഇവയ്ക്ക് ചികിത്സ നൽകുന്നതായി ഡോ. നിതിൻ ഡാംഗെ കൂട്ടിച്ചേർത്തു. ശസ്ത്രക്രിയക്കുശേഷം ഒരു ദിവസത്തെ നിരീക്ഷണത്തിനായി സെയ്ഫ് അലി ഖാനെ ഐ.സി.യുവിലേക്ക് മാറ്റിയതായി ലീലാവതി ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. നീരജ് ഉത്തമണി പറഞ്ഞു. തുടർ ചികിത്സ സംബന്ധിച്ച മറ്റു കാര്യങ്ങൾ നാളെ തീരുമാനിക്കും.
വീട്ടിലേക്ക് കയറാൻ അനുവാദമുള്ള ഒരു ജോലിക്കാരനുമായി അക്രമിക്ക് അടുത്ത ബന്ധമുണ്ടെന്നും വീട്ടുജോലിക്കാരെ ചോദ്യം ചെയ്തുവരികയാണെന്നും മുംബൈ പോലീസ് അറിയിച്ചു. പ്രതിയെ മുറിയിൽ പൂട്ടിയിട്ടെങ്കിലും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. മോഷണമാണ് അപകടത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലോക്കൽ പോലീസിനൊപ്പം മുംബൈ ക്രൈംബ്രാഞ്ചും നിരീക്ഷണ കാമറകൾ പരിശോധിച്ചു വരുന്നുണ്ട്. വീട്ടുകാരടക്കമുള്ളവർ ഉറങ്ങിക്കൊണ്ടിരിക്കെ പുലർച്ചെ രണ്ടരയ്ക്കാണ് ആക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

