ശബരിമല സ്വർണക്കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആർ; നഷ്ടപ്പെട്ട സ്വർണം കണ്ടെടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും
text_fieldsപത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചയിൽ പ്രത്യേക അന്വേഷണസംഘം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. ദ്വാരപാലക ശിൽപപാളിയിലെ സ്വർണക്കവർച്ച, കട്ടിളയിലെ സ്വർണക്കവർച്ച എന്നിങ്ങനെ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഈ രണ്ട് എഫ്.ഐ.ആറുകളും തിങ്കളാഴ്ച ശബരിമലയുടെ നിയമപരിധിയിലുള്ള റാന്നി കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി. ദ്വാരപാലക ശിൽപപാളി സ്വർണക്കവർച്ചയിൽ 10 പ്രതികളും കട്ടിള അട്ടിമറിയിൽ എട്ട് പ്രതികളുമാണുള്ളത്. ഇരു എഫ്.ഐ.ആറുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാംപ്രതി.
ശ്രീകോവിൽ വാതിൽ കട്ടിളയിലെ സ്വർണം നഷ്ടമായ കേസിൽ 2019ലെ ദേവസ്വം ബോർഡ് എട്ടാം പ്രതിയാണ്. ഇതിന്റെ തുടർച്ചയായി പ്രതികളെ നോട്ടീസ് നൽകി വിളിച്ചു വരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദേവസ്വം ഉദ്യോഗസ്ഥരെയടക്കം ചോദ്യംചെയ്ത ശേഷമാകും ദേവസ്വം ബോർഡ് അംഗങ്ങൾക്ക് നോട്ടീസ് കൈമാറുകയെന്നാണ് വിവരം.
നഷ്ടപ്പെട്ട സ്വർണമടക്കം കണ്ടെടുത്ത ശേഷം അടുത്ത ഘട്ടത്തിൽ കൂടുതൽ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നാണ് സൂചന. അന്വേഷണത്തിൽ ഇരുകേസുകളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ ഒരു കേസാക്കി അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

