Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ടു വർഷം...

രണ്ടു വർഷം കഴിഞ്ഞിട്ടും വിദ്വേഷ പോസ്റ്റിൽ അന്വേഷണം പൂർത്തിയായില്ലത്രെ; പൊലീസി​ന്‍റെ ഇരട്ടത്താപ്പ് വെളിവാക്കി വിവരാവകാശ മറുപടി

text_fields
bookmark_border
hate post
cancel
camera_alt

കെ.ആർ. ഇന്ദിര എന്ന ​പ്രൊഫൈലിൽ പങ്കുവെച്ച പോസ്റ്റുകളിലൊന്ന്. വംശീയ വിദ്വേഷം നിറഞ്ഞ കമന്‍റുകളിലൊന്നും കാണാം 

പൗരത്വപ്രക്ഷോഭ കാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത വംശീയ വിദ്വേഷം നിറച്ച പോസ്റ്റുകളും കമന്‍റുകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ രണ്ടു വർഷമായിട്ടും അന്വേഷണം പൂർത്തിയായില്ലെന്ന് പൊലീസ്. കെ.ആർ. ഇന്ദിര എന്ന പ്രൊഫൈലിൽ നിന്ന് കടുത്ത വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചത് ചൂണ്ടികാണിച്ച് വിപിൻദാസ് എന്നയാളാണ് 2019 ൽ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്.

അന്ന് പൊലീസ് കേസെടുത്തിരുന്നു. ഇതി​ന്‍റെ തുടർ നടപടി എന്തായെന്ന് ചോദിച്ച് വിപിൻദാസ് നൽകിയ വിവരാവകാശ ​അപേക്ഷക്കാണ് പരിഹാസ്യമായ മറുപടി നൽകിയത്.

പൗരത്വനിയമത്തി​ന്‍റെ ആനുകൂല്യം ലഭിക്കാത്ത ന്യൂനപക്ഷങ്ങളടക്കമുള്ളവരെ വന്ധ്യംകരിക്കണമെന്നും വോട്ടവകാശവും റേഷൻ കാർഡും നൽകാതെ ക്യാമ്പിൽ പാർപ്പിക്കണമെന്നും ആകാശവാണി മുൻ ജീവനക്കാരിയായ കെ.ആർ ഇന്ദിര എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളെ വംശീയ ഉൻമൂലനം നടത്തണമെന്നും ആ ​പ്രൊ​ഫൈലിൽ നിന്ന് കമന്‍റ് ചെയ്തിരുന്നു. കടുത്ത വംശീയ വിദ്വേഷം നിറഞ്ഞ മറ്റു നിരവധി പോസ്റ്റുകളും കമന്‍റുകളും കെ.ആർ. ഇന്ദിര എന്ന പോസ്റ്റിൽ നിന്ന് തുടർച്ചയായി പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് വിപിൻ ദാസ് എന്നയാൾ പരാതി നൽകിയത്.

രണ്ട് വർഷത്തിന് ശേഷമാണ് കേസി​ന്‍റെ തുടർ നടപടികൾ അന്വേഷിച്ച് വിപിൻദാസ് വിവരാവകാശ അപേക്ഷ നൽകിയത്. പരാതി നൽകിയ സമയത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി ​കേസെടുത്തു എന്നായിരുന്നു പൊലീസ് വിശദീകരിച്ചിരുന്നത്. എന്നാൽ, ഇതുവരെ പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് രണ്ട് വർഷത്തിന് ശേഷം പൊലീസ് പറയുന്നത്.

അന്വേഷണം ഇതുവരെയും പൂർത്തിയായിട്ടില്ലത്രെ. ​മൊബൈൽ ഫോൺ പരിശോധനക്കായി കസ്റ്റഡിയിലെടുക്കുകയോ ഫോറൻസിക് ലാബിലേക്ക് അയക്കുകയോ ചെയ്തിട്ടില്ല. രണ്ടു വർഷത്തിന് ശേഷവും ഫേസ്ബുക്കിൽ നിന്ന് മറുപടി കിട്ടിയിട്ടില്ലെന്നും പൊലീസ് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വിദ്വേഷ പ്രചരണത്തിന് 88 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ഇതിൽ 31 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ചില വിദ്വേഷ പോസ്റ്റുകളിൽ ദിവസങ്ങൾക്കകം നടപടി എടുക്കുന്ന പൊലീസ് മറ്റു ചിലതിൽ വർഷങ്ങൾക്കു ശേഷവും അന്വേഷണം പൂർത്തിയാകാതെ വിഷമിക്കുന്നതി​ന്‍റെ കാരണം അജ്ഞാതമാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം കനക്കുന്നുണ്ട്.

Show Full Article
TAGS:hate campaign hate post police kerala police 
News Summary - RTI reply revealing police double standards
Next Story