
വിവാഹ ചടങ്ങിനിടെ രണ്ടു കോടിയിലധികം രൂപയുടെ പണവും സ്വർണവും കവർന്നു
text_fieldsജയ്പൂർ: രാജസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിവാഹ ചടങ്ങിനിടെ രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു. ജയ്പൂരിലെ ക്ലാർക്സ് അമർ ഹോട്ടലിൽ വ്യാഴാഴ്ചയാണ് സംഭവം.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ രാഹുൽ ഭാട്ടിയയുടെ മകളുടെ വിവാഹത്തിനിടെയാണ് അജ്ഞാതർ പണവും സ്വർണവും കവർന്നത്. ഹോട്ടലിലെ ഏഴാംനിലയിലായിരുന്നു ഭാട്ടിയയും കുടുംബവും താമസിച്ചിരുന്നത്.
വിവാഹത്തിനായി മാറ്റിവെച്ച രണ്ടുേകാടി രൂപയുടെ ഡയമണ്ട് ജുവല്ലറിയും 95,000രൂപയുമാണ് കവർന്നതെന്ന് എസ്.എച്ച്.ഒ രാധാരാമൻ ഗുപ്ത പറഞ്ഞു.
ഹോട്ടൽ ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് രാഹുൽ ഭാട്ടിയ ആരോപിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഭാട്ടിയ പറഞ്ഞു. സംഭവത്തിൽ ഹോട്ടൽ അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല.