നരബലിക്കിരയായ റോസ് ലിന്റെ മോതിരം കണ്ടെത്തി; കൊലപ്പെടുത്തിയശേഷം പണയം വെച്ചതായിരുന്നു
text_fieldsഇരട്ട നരബലിക്കേസിലെ പ്രതി ഭഗവൽസിങ്ങിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
പത്തനംതിട്ട: നരബലിക്ക് ഇരകളായ രണ്ട് സ്ത്രീകളിലൊരാളായ വടക്കാഞ്ചേരി സ്വദേശി റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് മൂന്ന് പ്രതികളെയും ഇലന്തൂർ പുളിന്തിട്ടയിൽ വൈദ്യൻ ഭഗവൽസിങ്ങിന്റെ വീട്ടിൽ എത്തിച്ചു.
കാലടി പൊലീസിന്റെ പരിശോധനയിൽ, റോസ്ലിന്റെ ഏഴ് ഗ്രാം സ്വർണമോതിരം ഇലന്തൂർ മാർക്കറ്റ് ജങ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് കണ്ടെത്തി. ഇതിന് 2000 രൂപ മതിയെന്ന് പറഞ്ഞ് ഭഗവൽസിങ് കൈപ്പറ്റിയതായും തെളിഞ്ഞു. മോതിരം ചളുങ്ങിയ അവസ്ഥയിലായിരുന്നെന്നും സിങ്ങിനെ മുമ്പ് അറിയാമായിരുന്നതിനാൽ സംശയം തോന്നിയില്ലെന്നും സ്ഥാപന ജീവനക്കാരി അന്വേഷണ സംഘത്തോട് പറഞ്ഞു. ജൂൺ എട്ടിന് റോസ്ലിനെ കൊലപ്പെടുത്തിയശേഷം പിറ്റേന്നാണ് മോതിരം പണയം വെച്ചത്.
റോസ്ലിനെ കൊല്ലാൻ ഉപയോഗിച്ച രണ്ട് കത്തികൾ വീട്ടിലെ അടുക്കളയിൽനിന്ന് കണ്ടെടുത്തു. മുറിക്കുള്ളിൽവെച്ച് റോസ്ലിനെ വെട്ടിനുറുക്കിയശേഷം അടുക്കളയുടെ പിന്നിലെ ചെറിയ വരാന്തയിൽവെച്ച് തലക്ക് വീണ്ടും വെട്ടിയെന്ന് ഭഗവൽസിങ്ങും ലൈലയും തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊലപാതകത്തിന്റെ വിവിധ ഘട്ടങ്ങൾ മൂന്ന് പ്രതികളും പൂജാമുറിയിൽ നടത്തിയ ഡെമ്മി പരീക്ഷണത്തിൽ അന്വേഷണ സംഘത്തോടും ഫോറൻസിക് വിദഗ്ധരോടും വിശദീകരിച്ചു. ഇതിനിടെ, റോസ്ലിന്റെ കുഴിമാടത്തിൽനിന്ന് ഫോറൻസിക് സംഘം മണ്ണ് ശേഖരിച്ചു.
തിങ്കളാഴ്ച രാവിലെ 10.30നാണ് ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്, ഇയാളുടെ ഭാര്യ ലൈല എന്നിവരെ തെളിവെടുപ്പിന് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

