ഭര്‍ത്താവിനെ തലക്കടിച്ചുകൊന്ന റോസമ്മക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും
text_fieldsതളിപ്പറമ്പ്: ഭര്‍ത്താവിനെ തലക്കടിച്ചുകൊന്ന് മൃതദേഹം വലിച്ചിഴച്ച് റോഡില്‍ കൊണ്ടിട്ട കേസില്‍ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും. പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചന് എന്ന കുഞ്ഞുമോനെ തലക്കടിച്ച് കൊന്ന കേസിലാണ് ഭാര്യ റോസമ്മയെ (62) തളിപ്പറമ്പ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് ജീവപര്യന്തം കഠിനതടവിനും ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കാലയളവ് തടവുശിക്ഷയില്‍നിന്ന് ഇളവ് ചെയ്യും. പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ സെയില്‍സ്മാനായ ചാക്കോച്ചന് 2013 ജൂലൈ അഞ്ചിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആറിന് പുലര്‍ച്ചയോടെ റോഡില്‍ മൃതദേഹം കാണുകയായിരുന്നു. പെരിങ്ങോം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്.
മാതാവിനെ പരിചരിച്ചിരുന്നത് ചാക്കോച്ചനായിരുന്നു. അതിനാല്‍, മൂന്ന് ഏക്കറിലധികം വരുന്ന റബർതോട്ടം ചാക്കോച്ചന്റെ പേരില്‍ അമ്മ എഴുതി നല്‍കിയിരുന്നു. ഈ സ്വത്ത് തന്റെ പേരിലേക്ക് മാറ്റരണമെന്ന് പറഞ്ഞ് റോസമ്മ ചാക്കോച്ചനുമായി വഴക്കിടാറുണ്ടായിരുന്നു. ഒരു ദിവസം വഴക്കിനിടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചാക്കോച്ചനെ റോസമ്മ അടിച്ചുകൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൊലക്ക് ശേഷം മൃതദേഹം 30 മീറ്ററോളം വലിച്ചിഴച്ചും തള്ളിയും റോഡില്‍ കൊണ്ടിടുകയും ചെയ്തിരുന്നു. പിന്നീട് വീട്ടിലെ തറയിലും ചുമരിലുമുണ്ടായ രക്തക്കറ കഴുകിക്കളഞ്ഞ റോസമ്മ ആയുധം ഒളിപ്പിച്ചുവെക്കുകയും ചെയ്തു.
24 സാക്ഷികളില്‍ 16 പേരെയാണ് കോടതി വിസ്തരിച്ചത്. കഴിഞ്ഞ ദിവസം തളിപ്പറമ്പ അഡീ. സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ റോസമ്മയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിക്കു വേണ്ടി ഹാജരായ അഡ്വ. മാര്ട്ടിന് ജോര്‍ജ് പ്രതി സ്ത്രീയാണെന്നും രോഗിയാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും വാദിച്ചിരുന്നു. അതേസമയം, പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. യു. രമേശൻ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കി റോസമ്മക്ക് വധശിക്ഷതന്നെ നല്‍കണമെന്ന് വാദിച്ചു. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെങ്കിലും ക്രൂരമായ കൊലയാണ് നടന്നതെന്ന് ജഡ്ജി കെ.എന്‍. പ്രശാന്ത് ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ്, അഡ്വ. മധു എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

