കത്തി കാട്ടി കവർച്ച; മൂന്നംഗ സംഘം അറസ്റ്റിൽ
text_fieldsകൊച്ചി: അർധരാത്രി സൗത്ത് പാലത്തിന് സമീപം ട്രാൻസ്ജെൻഡറായ ആളോടൊപ്പം കണ്ട യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന മൂന്നംഗ സംഘത്തെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി സ്വദേശികളായ മുപ്പേറമ്പിൽ ലിയോൺ(21), അട്ടക്കുളങ്ങര വീട്ടിൽ ഇമ്മാനുവൽ ജോസി (21), പുത്തൻപാടത്ത് ഡെസ്മോൻ(20) എന്നിവരാണ് പിടിയിലായത്.
കഴുത്തിൽ കത്തിവെച്ചും ബാഗും മൊബൈലും കൈക്കലാക്കിയ സംഘം ബാഗിൽ പൈസയില്ലെന്ന് കണ്ട് പണത്തിന് ഭീഷണിപ്പെടുത്തി. തൊട്ടടുത്ത എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ, രാത്രി പട്രോളിങ്ങിനെത്തിയ പൊലീസിനെ കണ്ട് ഇവർ കടന്നുകളഞ്ഞു. അസമയത്ത് കണ്ട യുവാവിനെ ചോദ്യം ചെയ്തതിൽനിന്നാണ് സംഭവം അറിയുന്നത്.
എ.സി.പി വൈ. നിസാമുദ്ദീൻ, സൗത്ത് എസ്.എച്ച്.ഒ എം.എസ്. ഫൈസൽ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച മോട്ടോർ സൈക്കിൾ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്തിയും കവർച്ച ചെയ്ത മൊബൈൽ ഫോണും ഇവരിൽനിന്ന് കണ്ടെടുത്തു.