കാർ വാടകക്ക് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കവർച്ച; ഒരാൾകൂടി അറസ്റ്റിൽ
text_fieldsഅനീഷ്
ഗുരുവായൂർ: കാർ വാടകക്ക് നൽകാമെന്നു പറഞ്ഞ് എറണാകുളത്തുനിന്ന് വിളിച്ചുവരുത്തി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയി മർദിച്ച് യുവാവിൽനിന്ന് പണവും ഫോണും കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മന്ദലാംകുന്ന് കിണറിന് സമീപം ഹസൈനാരകത്ത് അനീഷിനെയാണ് (36) ടെമ്പ്ൾ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ഐ.എസ്. ബാലചന്ദ്രൻ, കെ. ഗിരി, എ.എസ്.ഐ പി.എസ്. സാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.പി. ടോബിൻ, എൻ.എൻ. സുധാകരൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് മന്ദലാംകുന്ന് ആലത്തേയിൽ മുബഷിർ, അഞ്ചങ്ങാടി പുതിയങ്ങാടി ചിന്നക്കൽ വീട്ടിൽ മുഹമ്മദ് റഷീദ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 11നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി അടിമാലി സ്വദേശി കടവനാപ്പുഴ അഭിജിത്തിനെയാണ് (21) കാർ വാടകക്ക് നൽകാമെന്ന് പറഞ്ഞ് പ്രതികൾ ഗുരുവായൂരിലേക്ക് വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയത്. അവിടെ വെച്ച് ദേഹോപദ്രവമേൽപിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും ബാഗും കവർന്നതായാണ് പരാതി. ബാഗും ഫോണും അറസ്റ്റിലായ പ്രതികളിൽനിന്ന് നേരത്തേ കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

