ഒറ്റക്ക് യാത്ര ചെയ്യുന്നവരെ ആക്രമിച്ച് കവർച്ച: രണ്ടുപേർ പിടിയിൽ
text_fieldsഅക്ഷയ്, അഖിൽ
തൃശൂർ: രാത്രി ഒറ്റക്ക് യാത്ര ചെയ്യുന്നവരെ ആക്രമിച്ച് കവർച്ച ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കുറ്റൂർ വിലയപറമ്പ് സ്വദേശി പൊന്നമ്പത്ത് വീട്ടിൽ അക്ഷയ് (26), അത്താണി സ്വദേശി സിൽക്ക് നഗറിൽ താമസിക്കുന്ന ആലിങ്ങപറമ്പിൽ വീട്ടിൽ അഖിൽ (30) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലെ ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. പാലസ് ഗ്രൗണ്ട് പരിസരം കേന്ദ്രീകരിച്ചാണ് ഇവരുടെ ആക്രമണവും കവർച്ചയും. കഴിഞ്ഞ ദിവസം പട്ടിക്കാട്, പറവട്ടാനി സ്വദേശികളെയാണ് അക്രമിച്ച് കവർച്ച നടത്തിയത്. പട്ടിക്കാട് സ്വദേശിയായ ബൈക്ക് യാത്രികനെ ഇരുവരും സഞ്ചരിച്ച വാഹനം കൊണ്ട് ആദ്യം ഇടിക്കുകയായിരുന്നു. അപകടത്തിൽ നഷ്ടപരിഹാരമായി വലിയ തുക ആവശ്യപ്പെട്ട് ക്രൂരമായി മർദിക്കുകയും കൈയിലുണ്ടായിരുന്ന പണവും മറ്റും കവരുകയും ചെയ്തു.
അന്ന് തന്നെ ഇരുവരും പറവട്ടാനി സ്വദേശിയായ ഒരാളെയും തടഞ്ഞുനിർത്തി ദേഹോപദ്രവം ചെയ്ത് കൈയിലുണ്ടായിരുന്ന പഞ്ചലോഹ മോതിരവും സ്വർണവും മറ്റും കവർച്ച ചെയ്തു. പരാതിയിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇവർ തിരൂർ പുത്തൻമഠംകുന്ന് പരിസരത്ത് ഒളിവിൽ കഴിയുകയാണെന്ന് വിവരം ലഭിച്ചു. രണ്ടുപേരും നിരവധി കേസുകളിൽ പ്രതികളാണ്. ഇത്തരത്തിൽ സമാനമായ കേസുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ എഫ്. ഫിയാസ്, ഷാഡോ പൊലീസ് ടീം അംഗങ്ങളായ സബ് ഇൻസ്പെക്ടമാരായ എൻ.ജി. സുവ്രത കുമാർ, പി.എം. റാഫി, പി. രാകേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പഴനിസ്വാമി, ടി.വി. ജീവൻ, വിപിൻ ദാസ്, എം.എസ്. ലികേഷ്, വി.എ. വിനീത് മോൻ, എസ്. സജീഷ്, കെ.വി. ബിനു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

