ഹോസ്റ്റലുകളിലെ മോഷണം: പ്രതികൾ പിടിയിൽ
text_fieldsകളമശ്ശേരി: പുലർച്ച ഹോസ്റ്റലുകളിൽനിന്ന് മോഷണം നടത്തി വന്ന പ്രതികൾ കളമശ്ശേരി പൊലീസ് പിടിയിലായി. മലപ്പുറം അരീക്കോട് സ്വദേശി ചായോട്ടിൽ വീട്ടിൽ ജലാലുദ്ദീൻ (24), ഇടുക്കി പീരുമേട്, സ്വദേശി അജയ്( 22), പ്രായപൂർത്തിയാകാത്ത മറ്റൊരാളും ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്.
ഹോസ്റ്റലുകൾ, ബാച്ചിലേഴ്സ് താമസിക്കുന്ന മുറികൾ എന്നിവിടങ്ങളിൽനിന്ന് മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, പഴ്സ് എന്നിവയാണ് പ്രതികൾ മോഷ്ടിച്ചത്. മയക്കുമരുന്നിന് അടിമയായ പ്രതികൾ പുലർച്ച വാഹനത്തിൽ കറങ്ങുകയും ശ്രദ്ധയിൽപെടുന്ന കെട്ടിടങ്ങളിൽ കയറി പരിശോധിച്ച് കയറാൻ സൗകര്യപ്രദമായ ഇടമാണെങ്കിൽ മോഷണം നടത്തുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് കളമശ്ശേരിയിൽ ഹോട്ടലിലെ തൊഴിലാളികൾ താമസിച്ചുവരുന്ന കെട്ടിടത്തിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചത് പ്രതികൾ സമ്മതിച്ചു. തോപ്പുംപടി ഭാഗത്തുനിന്ന് മൊബൈൽ ഫോണും സ്വർണമാലയും 13,000 രൂപയും മോഷ്ടിച്ചതായും കൂനംതൈ ഭാഗത്തുനിന്ന് ബാഗ് മോഷ്ടിച്ചതായും കുസാറ്റ് ഭാഗത്തുനിന്ന് കാമറ മോഷ്ടിച്ചതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.
മൊബൈൽ ഫോണുകൾ ലഹരി മരുന്ന് വാങ്ങാനായി പകരം കൊടുക്കുകയാണ് ചെയ്യുന്നത്. മൊബൈൽ വിറ്റതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഷോപ്പ് ഉടമകൾക്ക് പങ്കുണ്ടോയെന്നും കേസിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരുകയാണ്.
സി.ഐ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

