ദേവാലയത്തിലെ മോഷണം: 12 വർഷത്തിനുശേഷം പ്രതി പിടിയിൽ
text_fieldsജിതിൻ
എടക്കര: മുപ്പിനി മലങ്കര കത്തോലിക്ക ചർച്ചിൽ മോഷണം നടത്തിയ കേസിലെ പ്രതി 12 വർഷത്തിനുശേഷം പിടിയിൽ. വഴിക്കടവ് താഴെ മാമാങ്കര സാളിഗ്രാമത്തിൽ ജിതിൻ എന്ന കുട്ടാപ്പിയാണ് പിടിയിലായത്. 2009 നവംബറിലാണ് സംഭവം. പള്ളിയോട് ചേർന്ന് അച്ചൻ താമസിക്കുന്ന ക്വാർട്ടേഴ്സിെൻറ വാതിലുകൾ കുത്തിത്തുറന്ന പ്രതി ഓഫിസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച അരലക്ഷം രൂപയാണ് മോഷ്ടിച്ചത്. അച്ചൻ സമീപത്തെ പള്ളിയിൽ ശുശ്രൂഷക്ക് പോയ സമയത്തായിരുന്നു മോഷണം. പുതിയ പള്ളിയുടെ നിർമാണത്തിനായി പഴയത് പൊളിച്ചുമാറ്റിയപ്പോൾ അവശേഷിച്ച ഉരുപ്പടികൾ വിറ്റ വകയിൽ കിട്ടിയതായിരുന്നു പണം.
ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം ശേഖരിച്ച തെളിവുകൾ പിന്തുടർന്നാണ് പ്രതിയെ ആലുവ എടത്തല നൊച്ചിമായിൽനിന്ന് പ്രത്യേക സംഘം പിടികൂടിയത്. എറണാകുളം, ഷൊർണൂർ, പോത്തുകൽ, വഴിക്കടവ്, എടക്കര, നിലമ്പൂർ, മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്കൂളുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട പ്രതി അപ്പീൽ ജാമ്യത്തിലായിരുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗുഡല്ലൂർ, നടുവട്ടം, ദേവർഷോല, ദേവാല പൊലീസ് സ്റ്റേഷൻ പരിധികളിലെ വീടുകളിൽ പട്ടാപ്പകൽ മോഷണം നടത്തിയതിനും പ്രതിക്കെതിരെ കേസുകളുണ്ട്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയിച്ചുവിവാഹം കഴിച്ച യുവതിയുമൊന്നിച്ച് ആലുവയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. നിലമ്പൂർ ഡിവൈ.എസ്.പി സജു കെ. എബ്രഹാമിെൻറ നിർദേശപ്രകാരമാണ് പ്രതിയെ വലയിലാക്കിയത്. എടക്കര പൊലീസ് ഇൻസ്പെക്ടർ പി.എഫ്. മഞ്ജിത് ലാലിെൻറ നേതൃത്വത്തിൽ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി. എസ്.ഐ എം. അസൈനാർ, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എം. കൃഷ്ണദാസ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.