കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് കവർച്ച; മോഷ്ടാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
text_fieldsതിരുവനന്തപുരം: നാഗർകോവിലിൽ കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ സ്വർണാഭരണം കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി നാഗർകോവിൽ ഇടലാക്കുടി പുതുത്തെരുവിൽ ഉമർബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ സമയം ഉമർബാബു തനിച്ചായിരുന്നു വീട്ടിലെന്ന് പൊലീസ് പറഞ്ഞു. ഉമർബാബുവിന്റെ ഭാര്യയും ബന്ധുക്കളും തിരികെ എത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയിരുന്ന നിലയിൽ കണ്ടെത്തി.
വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല ഇതോടെ ഭയന്ന വീട്ടുകാർ ബഹളം വെച്ചു. ഇതോടെ സമീപവാസികൾ ഓടിയെത്തി. ഇതിനിടയിൽ വീടിനുള്ളിൽ നിന്ന് പർദ ധരിച്ച ഒരു സ്ത്രീ വാതിൽ തുറക്കുകയും ഉമർബാബുവിന്റെ ബന്ധുവാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ ബലമായി വീടിന് ഉള്ളിലേക്ക് വലിച്ച് കയറ്റി. ഒപ്പമുണ്ടായിരുന്ന സമീപവാസികൾക്ക് ഇതിൽ സംശയം തോന്നി. ഇവർ വാതിൽ തകർത്ത് വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കള്ളന്മാർ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇതിനിടയിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു സ്ത്രീ ഉൾപ്പെടെ മറ്റു രണ്ട് പേർ കൂടി പിടിയിലായി. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. വീടിന്റെ മുകളിലത്തെ നിലയിൽ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു ഉമർബാബു. വീട്ടിൽ നിന്ന് കളിത്തോക്ക്, അരിവാൾ, പർദ എന്നിവ പൊലീസ് കണ്ടെത്തി. ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചു. ഡി.വൈ.എസ്.പി നവീൻകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

