ഓടിവായോ പൊലീസേ, ഞങ്ങളെ രക്ഷിക്കണേ... മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി: പൊലീസിന്റെ സഹായം തേടി മോഷ്ടാക്കൾ
text_fieldsബസന്തി (ഒഡീഷ): മോഷണ ശ്രമത്തിനിടെ മോഷ്ടാകളെ വീടിനുള്ളിൽ പൂട്ടിയിടുകയും നാട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്തപ്പോൾ ജീവൻ രക്ഷിക്കാനായി മോഷ്ടാക്കൾ പൊലീസിന്റെ സഹായം തേടി. ഒഡീഷയിലെ ബസന്തി കോളനിയിൽ കഴിഞ്ഞ ഏപ്രിൽ 29 നായിരുന്നു സംഭവം അരങ്ങേറിയത്.
പൊലീസ് പറയുന്നത്: പ്രതികളായ സിംബ്രുംബ് എന്ന നാനക് സിങ് (30), ഛേന്ദിൽ നിന്നുള്ള സത്യേന്ദ്ര കുമാർ സിങ് (32) എന്നിവർ ഒരു ഇരുനില വീട്ടിൽ മോഷണത്തിന് കയറി. ഗണേഷ് ബിസ്വാളിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. താഴത്തെ നിലയിൽ വാടകക്കാരനായ മാധവ് കിസാനാണ് താമസം. നാനക് സിങും സത്യേന്ദ്ര കുമാർ സിങും വീട്ടിൽ കയറി അലമാരയിൽനിന്ന് സ്വർണാഭരണങ്ങൾ എടുത്തു.
സമീപത്തെ വീട്ടിൽ നിന്ന് സംശയകരമായ ശബ്ദങ്ങൾ കേട്ട് സമീപത്തെ വീട്ടിലുള്ളവർ അയൽവാസികളെയും നാട്ടുകാരയും വിവരമറിയിച്ചു. പിന്നാലെ നാട്ടുകാരെത്തി വീട് വളഞ്ഞു. വീട്ടിലേക്കുള്ള എല്ലാ വഴികളിലും അവർ നിലയുറപ്പിച്ചു. നാട്ടുകാർ വീട് വളഞ്ഞത് മോഷ്ടാക്കളും അറിഞ്ഞു. നാട്ടുകാരുടെ കൈയിൽ അകപ്പെട്ടാൽ ജീവൻ ബാക്കിയുണ്ടാകില്ലെന്ന് മനസിലാക്കിയ മോഷ്ടാക്കൾ പൊലീസിനെ വിളിച്ച് സഹായം തേടുകയായിരുന്നു. വിവരമറിഞ്ഞ് പുലർച്ചെ 2.30ന് പൊലീസ് സ്ഥലത്തെത്തുമ്പോൾ കള്ളന്മാരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പ്രദേശവാസികൾ.
പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ ശാന്തരാക്കി. തുടർന്ന് മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളും കണ്ടെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിന് ഉദിത്നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മോഷ്ടാകളിൽനിന്നും കണ്ടെത്തിയ ആഭരണങ്ങൾ പൊലീസ് പരാതിക്കാരന് കൈമാറിയെന്നും മോഷ്ടാക്കൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

