മുളകുപൊടിയെറിഞ്ഞ് വയോധികയുടെ മാല കവരാൻ ശ്രമം; അയൽവാസി അറസ്റ്റിൽ
text_fieldsഎം. അനീഷ്
ഇരിട്ടി: കണ്ണിൽ മുളകുപൊടി വിതറി വയോധികയുടെ കഴുത്തിലെ സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ നാട്ടേൽ സ്വദേശി കെ.എം. അനീഷ് (35) മുണ്ടാക്കലിനെ കരിക്കോട്ടക്കരി പൊലീസ് അറസ്റ് ചെയ്തു. ഞായറാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. പ്രതിയുടെ അയൽവാസിയായ മുണ്ടയാംപറമ്പിനടുത്ത് നട്ടേൽ സ്വദേശിനി താഴെപ്പള്ളി അംബിക (70)യുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം സ്വർണ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
വീട്ടിൽ മറ്റാരും ഇല്ലെന്നറിഞ്ഞ പ്രതി വീട്ടിലേക്കുള്ള വൈദ്യുത കണക്ഷൻ വിഛേദിച്ച ശേഷമാണ് വീടിന്റെ കതകിൽ തട്ടിയത്.
ശബ്ദം കേട്ട് പുറത്തേക്ക് വന്ന അംബികയുടെ കണ്ണിൽ മുളകുപൊടി വിതറി. ശ്രമം പരാജയപ്പെട്ടതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
അംബിക നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തിങ്കളാഴ്ച വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും. സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ റാം കുമാർ, എ.എസ്.ഐമാരായ രാജു അബ്രാഹം, പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

