പാണപ്പുഴയിലും പരിയാരത്തും കവർച്ച
text_fieldsപയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് പൊലീസ് പരിധിയിൽ രണ്ടിടത്ത് കവർച്ച. വയോധികയുടെ രണ്ടരപ്പവനും വീട് കുത്തിത്തുറന്ന് 14,000 രൂപയും കവർന്നതായാണ് പരാതി.
പാണപ്പുഴ പറവൂരിലെ കക്കാട്ട് കല്യാണിയുടെ (75) മാലയാണ് മോഷ്ടിച്ചത്. പറവൂര്‍ പുലിയൂര് കാളി ക്ഷേത്രത്തിലെ അടിച്ചുതളിജോലിക്കാരിയായ കല്യാണി രാവിലെ ക്ഷേത്രത്തില്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനകത്തെ പൂജാമുറിയിലെ പാത്രത്തില്‍ സൂക്ഷിച്ച മാല നഷ്ടപ്പെട്ടതായി കണ്ടത്.
ജോലിക്ക് പോകുമ്പോള്‍ കല്യാണി മാല ഈ പാത്രത്തില്‍ അഴിച്ചുവെച്ചാണ് പോകാറുള്ളത്. ഇത് വ്യക്തമായി അറിയാവുന്ന ആളായിരിക്കും മോഷ്ടാവെന്ന് കരുതുന്നു.
മറ്റൊരു സംഭവത്തില്‍ അമ്മാനപ്പാറയിലെ പൂമംഗലോരത്ത് വാരിവളപ്പില്‍ പി.വി. മൂസയുടെ (72) വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച വൈകീട്ട് ആറോടെ മൂസ വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയിരുന്നു. മൂസയുടെ വീട്ടില്‍ നിർമാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ബന്ധുവീട്ടില്‍ താമസിക്കുന്നത്. ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തകര്‍ത്തതായി കണ്ടത്. അകത്തുകടന്ന മോഷ്ടാവ് ഷെല്‍ഫ് അടിച്ചുതകര്‍ത്താണ് മോഷ്ടിച്ചത്. എല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
മൂസയുടെ പരാതിയില്‍ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, പരിയാരം പൊലീസ് സ്‌റ്റേഷനില്‍ രണ്ടരമാസമായി സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് പല അന്വേഷണങ്ങളേയും ബാധിച്ചതായി പരാതിയുണ്ട്. പൊലീസുകാരുടെ കുറവും സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
എസ്.എച്ച്.ഒ ആയിരുന്ന കെ.വി. ബാബു പ്രമോഷനായി പോയിട്ട് രണ്ടരമാസം കഴിഞ്ഞിട്ടും പുതിയ ആളെ നിയോഗിച്ചിട്ടില്ല. എസ്.ഐമാരുടെ പ്രമോഷന്‍ ലിസ്റ്റ് തയാറായാല്‍ മാത്രമേ നിയമനം ഉണ്ടാവുകയുള്ളൂവെന്നാണ് വിവരം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ അമ്മാനപ്പാറയിലെത്തി പരിശോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

